---
title: "പുഴയോരത്തെ പ്ലാസ്റ്റിക് ഷെഡിൽ മൂന്ന് മക്കളെയും ചേർത്തുപിടിച്ച് 70-കാരി അമ്മ, സഹായം തേടി നാട്ടുകാർ"
english_title: "70 Year Old Mother Caring Three Mentally Challenged Children Plastic Shed Madakkara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391850/70-year-old-mother-three-children-plastic-shed-madakkara"
published_at: "2026-11-16T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afac87c1ae63_1000999328.jpg"
keywords: ["Madakkara", "Sulochana", "House Construction", "Help", "Kannur"]
---

# പുഴയോരത്തെ പ്ലാസ്റ്റിക് ഷെഡിൽ മൂന്ന് മക്കളെയും ചേർത്തുപിടിച്ച് 70-കാരി അമ്മ, സഹായം തേടി നാട്ടുകാർ

> **Lead Summary:** **മടക്കര: **പുഴയോരത്തെ മാനസികവെല്ലുവിളി നേരിടുന്ന മൂന്നു മക്കളെയും ചേർത്തുപിടിച്ച് അമ്മ കഴിയുന്നത് ഏതുനേരത്തും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡിൽ. പഴയ വീട് മഴയിൽ തകർന്നു വീണതോടെയാണ് മാട്ടൂൽ പഞ്ചായത്തിലെ മടക്കര ഇരിണാവ് ഡാമിന് സമീപം നിരിച്ചൻ സുലോചനയുടെയും മക്കളുടെയും ജീവിതം ഈ ഷെഡിലായത്.

## Article Content

**മടക്കര: **പുഴയോരത്തെ മാനസികവെല്ലുവിളി നേരിടുന്ന മൂന്നു മക്കളെയും ചേർത്തുപിടിച്ച് അമ്മ കഴിയുന്നത് ഏതുനേരത്തും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡിൽ. പഴയ വീട് മഴയിൽ തകർന്നു വീണതോടെയാണ് മാട്ടൂൽ പഞ്ചായത്തിലെ മടക്കര ഇരിണാവ് ഡാമിന് സമീപം നിരിച്ചൻ സുലോചനയുടെയും മക്കളുടെയും ജീവിതം ഈ ഷെഡിലായത്.

മാനസികവെല്ലുവിളി നേരിടുന്ന 2 പെൺമക്കൾക്ക് 45, 43 എന്നിങ്ങനെയാണ് പ്രായം. മകന് 38 വയസ്സും. കൂലംകുത്തി ഒഴുകുന്ന പുഴയുടെ മുന്നിൽ ഏതുനിമിഷവും അപകടം നടക്കാമെന്ന ആധിയോടെയാണ് ഈ അമ്മയുടെ ജീവിതം.

3 പേർക്ക് കിട്ടുന്ന പെൻഷൻ കൊണ്ടാണ് കുടുംബം കഴിയുന്നത്. അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ സഹായം പോലും ഇവർക്ക് ലഭ്യമാക്കാൻ അധികൃതർ ശ്രമിക്കാത്തതിനാൽ മകന് ഇതുവരെ ആധാർ കാർഡ് ലഭിച്ചിട്ടില്ല. അതിനാൽ ആനുകൂല്യങ്ങളുമില്ല. ഒരു കാറ്റടിച്ചാൽ പറന്നുപോകുന്ന ഷെഡിൽ മഴയും വെയിലും കൊണ്ടു കഴിയുന്ന ഈ കുടുംബത്തെ സംരക്ഷിക്കാൻ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

മാങ്ങാട് പറമ്പ കെ.എ.പി ബറ്റാലിയൻ മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് എ.എസ്.ഐ രാജേഷ് തളിയിൽ, ഡി.എച്ച്.ക്യു കണ്ണൂർ സിറ്റി എന്നിവരുടെ നേതൃത്വത്തിൽ ആ കുടുംബത്തെ സഹായിക്കുന്നുണ്ട്. മാസങ്ങൾക്കു മുൻപ് നാട്ടുകാരുടെ സഹകരണത്തോടെ ഇവർക്കായി പുതിയ വീട് നിർമാണം തുടങ്ങിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം നിർമാണം പാതിവഴിയിൽ നിലച്ചു.

പട്ടികവർഗ വിഭാഗത്തിന് കീഴിൽ വരുന്നതിനാൽ ഇവർക്ക് സർക്കാർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്താനും സാമ്പത്തിക സഹായം നൽകാനും കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ മഴയിൽ തകർന്ന പഴയ വീടിന് താൽക്കാലിക വീട്ടുനമ്പറായിരുന്നു എന്നതിനാൽ നഷ്ടപരിഹാരവും ലഭിച്ചില്ല.

ടി. ചിത്രൻ, പി. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നിരിച്ചൻ സുലോചന ഭവന നിർമാണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വീട് നിർമാണം പൂർത്തിയാക്കാൻ സഹായം തേടുകയാണ് നാട്ടുകാർ. കമ്മിറ്റിയുടെ പേരിൽ കേരള ബാങ്ക് കണ്ണപുരം ബ്രാഞ്ചിൽ അക്കൗണ്ടുണ്ട്.

*അക്കൗണ്ട് നമ്പർ:* 173012801200122

*IFSC കോഡ്:* KSBK0001730

*ജി പേ നമ്പർ:* 8547167476

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391850/70-year-old-mother-three-children-plastic-shed-madakkara)