---
title: "കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവിനെതിരെ കുപ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും: ക്ഷേത്രം ഭാരവാഹികൾ"
english_title: "Kunhimangalam Malliyottu Palottu Kavu Temple Officials Reject Propaganda"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391524/kunhimangalam-malliyottu-palottu-kavu-temple-officials-statement"
published_at: "2026-11-13T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af73cb5b6f88_1000993452.jpg"
keywords: ["Kunhimangalam", "Malliyottu Palottu Kavu", "Temple", "Protest"]
---

# കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവിനെതിരെ കുപ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും: ക്ഷേത്രം ഭാരവാഹികൾ

> **Lead Summary:** *കുഞ്ഞിമംഗലം:* കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവിനെതിരെ ചില തല്പരകക്ഷികൾ നടത്തുന്ന കുപ്രചരണങ്ങളെ തള്ളിക്കളയണമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

## Article Content

*കുഞ്ഞിമംഗലം:* കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവിനെതിരെ ചില തല്പരകക്ഷികൾ നടത്തുന്ന കുപ്രചരണങ്ങളെ തള്ളിക്കളയണമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

പുണ്യ പുരാതനമായ ശ്രീ മല്ലിയോട്ട് പാലോട്ട് കാവിൽ മല്ലിയോട്ടച്ഛന്റെ അനുഗ്രഹാശ്ശിസ്സുകളും, ആചാര നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് പൂർവ്വികാചാരങ്ങളും, കീഴ്വഴക്കങ്ങളും സംരക്ഷിച്ചു നിലനിർത്തിക്കൊണ്ടാണ് സമുദായിമാരും, വിശ്വാസികളും ഇപ്പോഴും കൃത്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ആചാരനുഷ്ഠാനങ്ങൾക്ക് ഒരു കോട്ടവും ഇന്നുവരെ ക്ഷേത്രത്തിൽ സംഭവിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

ക്ഷേത്രത്തിന്റെ സമുദായിമാരെ തിരഞ്ഞെടുക്കുന്നത് മല്ലിയോട്ട്, വടക്കുമ്പാട്, തലായി, കുതിരുമ്മൽ എന്നീ നാല് ഊരുകളിലെ ക്ഷേത്രവുമായി ബന്ധപ്പെടുന്ന സമുദായ അംഗങ്ങളാണ്. എല്ലാ വർഷവും വിഷുവിന് ശേഷം നാളിതുവരെ സമുദായിമാരെ തിരഞ്ഞെടുത്തത് ഏകകണ്ഠമായാണ്. ഇതുമായി ബന്ധപ്പെട്ട തർക്കമോ മറ്റോ ഇതുവരെ ഉണ്ടായിട്ടില്ല.

മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട സമുദായ അംഗങ്ങൾ കൂട്ടുവായി പിരിവും കൂടാതെ ഉത്സവാഘോഷങ്ങൾക്കും മറ്റും ക്ഷേത്ര കമ്മിറ്റി തീരുമാനിക്കുന്ന ചിലവും നൽകാൻ ബാധ്യസ്ഥരാണ്. ഇത് കാലാകാലങ്ങളായി നടന്നു വരുന്നതാണ്. എന്നാൽ അടുത്തകാലത്തായി അപൂർവ്വം ചിലർ ക്ഷേത്രവുമായി നിസ്സഹകരിക്കുകയും, വ്യാജ പ്രചരണം നടത്തി ക്ഷേത്രത്തെ താറടിച്ചു കാണിക്കാനും ശ്രമിക്കുകയുണ്ടായി. ഇവർ ഉത്സവാഘോഷപിരിവ്, പുനരുദ്ധാരണ ഫണ്ട്, ക്ഷേത്രം നടത്തുന്ന മറ്റ് സാമ്പത്തിക സമാഹരണവുമായും സഹകരിക്കാറില്ല. ഇതിന്റെ പേരിൽ ഇവരിൽ നിന്നും കൂട്ടുവായി പിരിവ് വാങ്ങേണ്ടതില്ലെന്ന് ക്ഷേത്ര തിരുമുറ്റത്തു വെച്ച് ഏകകണ്ഠമായി തീരുമാനിക്കുകയുണ്ടായി. എന്നാൽ ഇവർ ക്ഷേത്രത്തോട് എടുത്ത നിലപാട് തിരുത്താൻ തയ്യാറാണെങ്കിൽ കൂട്ടുവായി പിരിവ് വാങ്ങാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിച്ച് രജിസ്റ്റർ ചെയ്തിരുന്നു. അത് എന്തിനു വേണ്ടിയുള്ളതാണെന്ന് എല്ലാവർക്കും അറിവുള്ളതാണ്. അത് പുനരുദ്ധരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. അതിന്റെ പേരിലാണ് സൊസൈറ്റി ആക്കിയെന്ന പ്രചരണം നടത്തുന്നത്. ക്ഷേത്രത്തിന്റെ ദൈനംദിന നടത്തിപ്പുമായി ഈ കമ്മിറ്റിക്ക് ബന്ധമില്ല. ഈ കാര്യം ക്ഷേത്രാംഗങ്ങൾക്ക് സുതാര്യമായി അറിവുള്ളതാണ്.

ഇപ്പോൾ ക്ഷേത്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘നന്ദലാല ഓഡിറ്റോറിയം’ ആധുനികവത്കരിച്ചു, ക്ഷേത്രത്തിലെ അടിയന്തിരക്കാരായ കുടക്കാർക്ക് പ്രത്യേകം വിശ്രമകേന്ദ്രവും നിർമ്മിച്ചു. എല്ലാവരുടെയും നല്ല സഹകരണത്തോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ നടക്കുന്ന എല്ലാ പ്രവൃത്തിയും ടെണ്ടർ നടപടികൾ കൃത്യമായി പാലിച്ചുകൊണ്ടാണ് നടന്നു വരുന്നത്. ഈ കാര്യം ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.

വസ്തുത ഇതായിരിക്കെ ശ്രീ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിനെ അപകീർത്തിപ്പെടുത്തി വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്താൻ ചില സംഘടനയുടെ പേരിൽ ശ്രമിക്കുകയാണെന്നും, ഇവർ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇതുവരെ കേട്ട് കേൾവിയില്ലാത്ത വിധം ക്ഷേത്രത്തിലേക്ക് മാർച്ച് നടത്തുന്നത് ഉൾപ്പെടെ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ക്ഷേത്രത്തെ കളങ്കപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്നും അല്ലാത്ത പക്ഷം ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാൻ കമ്മിറ്റി നിർബന്ധിതമാകുമെന്നും ഭാരവാഹികൾ പറഞ്ഞു.

കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞ് ചിരപുരാതനമായ ശ്രീ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് എല്ലാ പൂർവ്വിക ആചാര, അനുഷ്ഠാനങ്ങളും, കീഴ്വഴക്കങ്ങളും അംഗീകരിച്ച് നാടിന്റെ വെളിച്ചമായി നിലനിർത്തുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ വേണമെന്നും നാല് ഊര് സമുദായിമാരടങ്ങുന്ന ക്ഷേത്ര ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391524/kunhimangalam-malliyottu-palottu-kavu-temple-officials-statement)