---
title: "തളിപ്പറമ്പിൽ അത്യാധുനിക മൊബൈൽ ഐ.സി.യു ആംബുലൻസ് എത്തി, സേവനം പൂർണമായും സൗജന്യം, ഫ്ലാഗ് ഓഫ് 16ന്"
english_title: "Thaliparamba Mobile ICU Ambulance Free Service Kaniv 108"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391501/thaliparamba-mobile-icu-ambulance-free-service"
published_at: "2026-11-13T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af70ec23bd69_1000992843.jpg"
keywords: ["Thaliparamba", "Mobile ICU", "Ambulance", "Kaniv", "108"]
---

# തളിപ്പറമ്പിൽ അത്യാധുനിക മൊബൈൽ ഐ.സി.യു ആംബുലൻസ് എത്തി, സേവനം പൂർണമായും സൗജന്യം, ഫ്ലാഗ് ഓഫ് 16ന്

> **Lead Summary:** **തളിപ്പറമ്പ്:** കേരള സർക്കാർ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന സൗജന്യ അടിയന്തര ആംബുലൻസ് സേവന പദ്ധതി കനിവിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയ്ക്ക് അനുവദിച്ച ഏക അത്യാധുനിക ജീവൻ രക്ഷാ ആംബുലൻസിന്റെ സേവനകേന്ദ്രമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ തീരുമാനിച്ചു. തളിപ്പറമ്പ് നഗരസഭയുടെ സന്ദർഭോചിതമായ ഇടപെടലിലൂടെയാണ് മൊബൈൽ ഐ.സി.യുവിന്റെ പ്രവർത്തന കേന്ദ്രം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ലഭിച്ചത്.

## Article Content

**തളിപ്പറമ്പ്:** കേരള സർക്കാർ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന സൗജന്യ അടിയന്തര ആംബുലൻസ് സേവന പദ്ധതി കനിവിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയ്ക്ക് അനുവദിച്ച ഏക അത്യാധുനിക ജീവൻ രക്ഷാ ആംബുലൻസിന്റെ സേവനകേന്ദ്രമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ തീരുമാനിച്ചു. തളിപ്പറമ്പ് നഗരസഭയുടെ സന്ദർഭോചിതമായ ഇടപെടലിലൂടെയാണ് മൊബൈൽ ഐ.സി.യുവിന്റെ പ്രവർത്തന കേന്ദ്രം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ലഭിച്ചത്.

മൊബൈൽ ഐ.സി.യു ആംബുലൻസിൽ വെന്റിലേറ്റർ, ഡീഫിബ്രില്ലേറ്റർ, മൾട്ടി-പാരാമീറ്റർ മോണിറ്റർ, ഇൻഫ്യൂഷൻ പമ്പുകൾ, സക്ഷൻ മെഷീൻ തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ട്. വിദഗ്ധ നഴ്സിന്റെ മുഴുവൻ സമയ സർവീസും ആംബുലൻസിൽ ലഭ്യമാണ്.

ആംബുലൻസ് സേവനം പൂർണമായും എപ്പോഴും എല്ലാവർക്കും സൗജന്യം. 24 മണിക്കൂറും ലഭ്യം. ഏത് അടിയന്തരഘട്ടത്തിലും 108 ലേക്ക് വിളിക്കാം. ആൻഡ്രോയിഡ് ആപ്പ് വഴിയും കിട്ടും.

ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം 2016 നവംബർ 16ന് രാവിലെ 9 മണിക്ക് താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ വെച്ച് നഗരസഭ ചെയർമാൻ പി.കെ. സുബൈറിന്റെ അദ്ധ്യക്ഷതയിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവഹിക്കും.

ഏതു ഘട്ടത്തിലും ആവശ്യക്കാരും പൊതുജനങ്ങളും ഈ അത്യാധുനിക ജീവൻ രക്ഷാ ആംബുലൻസിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ ചെയർമാൻ പി.കെ. സുബൈർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391501/thaliparamba-mobile-icu-ambulance-free-service)