---
title: "സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് തടവും പിഴയും"
english_title: "Thalassery Bomb Attack Case Five BJP Workers Sentenced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391497/thalassery-bomb-attack-case-five-bjp-workers-sentenced"
published_at: "2026-11-13T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af70214ccf35_1000992835.jpg"
keywords: ["Thalassery", "Bomb Attack", "BJP", "CPM", "Court Verdict"]
---

# സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

> **Lead Summary:** *തലശേരി:* സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകരായ അഞ്ച് പേർക്ക് തടവും പിഴയും. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസാണ് കുറ്റക്കാരെന്ന് വിധിച്ചത്.

## Article Content

*തലശേരി:* സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകരായ അഞ്ച് പേർക്ക് തടവും പിഴയും. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസാണ് കുറ്റക്കാരെന്ന് വിധിച്ചത്.

ചെമ്പിലോട് കോവിൽ റോഡ് ജങ്ഷനിൽ 2010 ജനുവരി മൂന്നിന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. ചക്കരക്കൽ തലമുണ്ട അപ്പക്കടവ് മുത്തപ്പൻ ക്ഷേത്രത്തിനടുത്തെ തുണ്ടിക്കണ്ടിയിൽ ഹൗസിൽ കെ. സമേഷിന്റെ (35) കാൽ അക്രമിസംഘം ബോംബെറിഞ്ഞ് തകർത്തിരുന്നു. സുഹൃത്ത് കണയന്നൂരിലെ ഓറോറക്കണ്ടി ഹൗസിൽ ഒ.കെ. രാജേഷിനും ഗുരുതരമായി പരിക്കേറ്റു.

സമേഷ് സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ അക്രമിസംഘം ബോംബെറിഞ്ഞു. സമേഷിന്റെ കാലിൽ തട്ടിയാണ് ബോംബ് പൊട്ടിയത്. സ്ഫോടനത്തിൽ കാൽ ചിതറിത്തെറിച്ചുപോയി. ചികിത്സയ്ക്കിടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നു. ശരീരമാസകലം ബോംബിന്റെ അവശിഷ്ടങ്ങൾ പേറിയാണ് സമേഷ് ജീവിച്ചിരുന്നത്. അക്രമം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ചീള് തെറിച്ച സമേഷ് 10 വർഷത്തിന് ശേഷവും ചികിത്സ തുടരുകയാണ്.

സിപിഎം പ്രവർത്തകരായ സമേഷിനെയും രാജേഷിനെയും അപായപ്പെടുത്തുന്നതിനായിരുന്നു ബോംബേറ്. സമീപത്തെ വീട്ടിൽ നിൽക്കുകയായിരുന്ന ചെമ്പിലോട് കോവിലിലെ പാലിച്ചാലിൽ ഹൗസിൽ സഫിയത്തിനും ബോംബിന്റെ ചീള് തറച്ച് പരിക്കേറ്റിരുന്നു.

കോയ്യോട് ചെമ്പിലോട് കോവിലിലെ കൊടിവളപ്പിൽ ഹൗസിൽ കെ.വി. സിനോജിന് (ചക്കി സിനോജ് - 37) ഇരുപത്തിയൊൻപതര വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ടു മുതൽ അഞ്ച് വരെയുള്ള പ്രതികളായ ഏച്ചൂർ അങ്കണവാടിക്കടുത്ത് അയ്യപ്പൻ മല ചടയൻ ഹൗസിൽ സിലനീഷ് (33), ചെമ്പിലോട് കോവിൽ കോരൻനായർ സ്മാരക വിജ്ഞാനകേന്ദ്രത്തിനുസമീപം മയൂരം ശിശിർ (31), സഹോദരൻ കെ.വി. ഷരോൺ റോബിൻ (33), ചെമ്പിലോട് കോവിൽ പാറക്കൽ ഹൗസിൽ സി.കെ. ഷനിൽകുമാർ (44) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്.

സിഐമാരായിരുന്ന കെ.എസ്. ഷാജി പ്രകാശൻ പടന്നയിൽ, കെ.വി. പ്രമോദൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. കണ്ണൂർ സിറ്റി സിഐയായിരുന്ന പ്രദീപൻ കണ്ണിപ്പൊയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391497/thalassery-bomb-attack-case-five-bjp-workers-sentenced)