---
title: "പൊതു മാർക്കറ്റിനായി പണിത കെട്ടിടം കാടുകയറി നശിക്കുന്നു; കൃഷിഭവൻ മാറ്റാനുള്ള പദ്ധതിയും കടലാസിലൊതുങ്ങി"
english_title: "Pariyaram Public Market Building Neglected Krishibhavan Shift Delayed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391262/pariyaram-public-market-building-neglected-krishibhavan-shift-delay"
published_at: "2026-11-12T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af53c598b716_1000988982.jpg"
keywords: ["Pariyaram", "Krishibhavan", "Public Market", "Panchayat", "Neglect"]
---

# പൊതു മാർക്കറ്റിനായി പണിത കെട്ടിടം കാടുകയറി നശിക്കുന്നു; കൃഷിഭവൻ മാറ്റാനുള്ള പദ്ധതിയും കടലാസിലൊതുങ്ങി

> **Lead Summary:** **പരിയാരം: **പരിയാരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ചിതപ്പിലെ പൊയിൽ പഞ്ചായത്ത് ഓഫീസിന് അഞ്ഞൂറ് മീറ്റർ അകലെ വർഷങ്ങൾക്കുമുമ്പ് പൊതു മാർക്കറ്റിനായി നിർമിച്ച കെട്ടിടം ഉപയോഗശൂന്യമായി കാടുകയറി നശിക്കുന്നു.

## Article Content

**പരിയാരം: **പരിയാരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ചിതപ്പിലെ പൊയിൽ പഞ്ചായത്ത് ഓഫീസിന് അഞ്ഞൂറ് മീറ്റർ അകലെ വർഷങ്ങൾക്കുമുമ്പ് പൊതു മാർക്കറ്റിനായി നിർമിച്ച കെട്ടിടം ഉപയോഗശൂന്യമായി കാടുകയറി നശിക്കുന്നു.

2022-23 സാമ്പത്തിക വർഷത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടം പുതുക്കിപ്പണിതിരുന്നു. സ്ഥലപരിമിതി മൂലം ഏറെ പ്രയാസപ്പെടുന്ന പരിയാരം കൃഷിഭവൻ ഇവിടേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തി നടത്തിയത്.

കൃഷിഭവന് പുതിയ കെട്ടിടം ഒരുക്കുന്നതിന്റെ ഭാഗമായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ വാങ്ങി സജ്ജീകരിച്ചിരുന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും കൃഷിഭവന്റെ പ്രവർത്തനം ഇവിടേക്ക് മാറ്റാനോ കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല.

നിലവിൽ കെട്ടിടം കാടുകയറി സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. കൃഷിഭവനായി വാങ്ങിയ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കാതെ കിടന്ന് നശിച്ചുകൊണ്ടിരിക്കുന്നു.

ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൃഷിഭവൻ പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നിരവധി തവണ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടി സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച കെട്ടിടം പ്രയോജനപ്പെടുത്താതെ നശിക്കാൻ വിട്ടുകൊടുക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അടിയന്തരമായി വൈദ്യുതി കണക്ഷൻ ലഭ്യമാക്കി കൃഷിഭവൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കാനും കൃഷിഭവൻ ഓഫീസ് പ്രവർത്തനത്തിന് വേണ്ടി വാങ്ങിവെച്ച ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും നശിച്ചുപോകുന്നത് സംരക്ഷിക്കാനും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടേയും വിവിധ സംഘടനകളുടേയും ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391262/pariyaram-public-market-building-neglected-krishibhavan-shift-delay)