---
title: "ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്ക്, നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് ട്രിബ്യൂണൽ ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനൽ കുറ്റം"
english_title: "Railway Track Crossing Accident Compensation Denied Ernakulam Tribunal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390647/railway-track-crossing-accident-compensation-denied-ernakulam"
published_at: "2026-11-07T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeef3eace6bd_1000979307.jpg"
keywords: ["Railway Tribunal", "Ernakulam", "Mavelikkara", "Train Accident", "Compensation", "Sabari Express"]
---

# ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്ക്, നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് ട്രിബ്യൂണൽ ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനൽ കുറ്റം

> **Lead Summary:** കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ. റെയിൽവേ നിയമപ്രകാരം ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

## Article Content

കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ. റെയിൽവേ നിയമപ്രകാരം ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

മാവേലിക്കര റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോൺ സമർപ്പിച്ച നഷ്ടപരിഹാര ഹർജിയാണ് ട്രിബ്യൂണൽ തള്ളിയത്.

2023 മേയ് 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന കൊല്ലം-എറണാകുളം മെമു ട്രെയിനിൽ കയറുന്നതിനായി തോമസ് ജോൺ സ്റ്റേഷന്റെ കിഴക്കുഭാഗത്തുനിന്ന് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തിയ ശബരി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.

എന്നാൽ, കൊല്ലം-എറണാകുളം മെമു ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തിരക്കുമൂലം പുറത്തേക്ക് വീണാണ് പരിക്കേറ്റതെന്നായിരുന്നു തോമസ് ജോണിന്റെ വാദം. ഈ വാദം റെയിൽവേ കോടതിയിൽ എതിർത്തു. ട്രെയിനിൽനിന്ന് വീണതല്ലെന്നും പാളം മുറിച്ചുകടക്കുന്നതിനിടെ ശബരി എക്സ്പ്രസ് ഇടിക്കുകയായിരുന്നുവെന്നും റെയിൽവേ തെളിവുകൾ സഹിതം ട്രിബ്യൂണലിനെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390647/railway-track-crossing-accident-compensation-denied-ernakulam)