---
title: "'മെക് 7' ജില്ലാ സംഗമം 'ഒരുമ 2026' നവംബർ 8ന് തളിപ്പറമ്പിൽ"
english_title: "Kannur Mike 7 District Meet Oruma 2026 Taliparamba November 8"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390396/kannur-mike-7-oruma-2026-taliparamba-november-8"
published_at: "2026-11-05T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeca2aa7c584_1000975486.jpg"
keywords: ["Oruma 2026", "Taliparamba", "Kannur", "Health Exercise", "Mec 7"]
---

# 'മെക് 7' ജില്ലാ സംഗമം 'ഒരുമ 2026' നവംബർ 8ന് തളിപ്പറമ്പിൽ

> **Lead Summary:** ജീവിതശൈലി രോഗങ്ങളിൽ നിന്ന് സമൂഹത്തെ മോചിപ്പിച്ച് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ജനകീയ വ്യായാമ പരിശീലന കൂട്ടായ്മയായ 'മെക് 7'-ന്റെ കണ്ണൂർ ജില്ലാ സംഗമം 'ഒരുമ 2026' നവംബർ 8 ഞായറാഴ്ച രാവിലെ 6:30 മണിക്ക് തളിപ്പറമ്പ് സർ സയ്യിദ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.

## Article Content

ജീവിതശൈലി രോഗങ്ങളിൽ നിന്ന് സമൂഹത്തെ മോചിപ്പിച്ച് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ജനകീയ വ്യായാമ പരിശീലന കൂട്ടായ്മയായ 'മെക് 7'-ന്റെ കണ്ണൂർ ജില്ലാ സംഗമം 'ഒരുമ 2026' നവംബർ 8 ഞായറാഴ്ച രാവിലെ 6:30 മണിക്ക് തളിപ്പറമ്പ് സർ സയ്യിദ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.

സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ സലാഹുദ്ദീൻ രൂപകൽപ്പന ചെയ്ത മൈക്ക് 7 പരിശീലനം 2012 മുതൽ സൗജന്യമായി സമൂഹത്തിന് ലഭ്യമായി വരുന്നുണ്ട്. യോഗ, എയ്റോബിക്സ്, സാധാരണ വ്യായാമങ്ങൾ, ഡീപ് ബ്രീത്തിങ്, അക്യുപ്രഷർ, ഫേസ് മസാജ്, മെഡിറ്റേഷൻ തുടങ്ങിയവയിൽ നിന്ന് തിരഞ്ഞെടുത്ത 21 ലളിതമായ വ്യായാമങ്ങളാണ് ഇതിന്റെ അടിസ്ഥാനം. പ്രഭാതഭക്ഷണത്തിന് മുമ്പ് വെറും 25 മിനിറ്റ് മാത്രം നീളുന്ന ഈ പരിശീലനത്തിലൂടെ സ്ത്രീകൾക്കും പുരുഷന്മാർക്കുമടക്കം ആയിരക്കണക്കിന് ആളുകൾ ആരോഗ്യവും ഉന്മേഷവും കൈവരിക്കുന്നു.

കൊണ്ടോട്ടിയിൽ തുടക്കം കുറിച്ച മൈക്ക് 7 ഇന്ന് കേരളത്തിനകത്തും പുറത്തുമായി വ്യാപിച്ചു കഴിഞ്ഞു. മത-രാഷ്ട്രീയ സാമ്പത്തിക വേർതിരിവുകൾക്കതീതമായി ജനങ്ങളെ ഒന്നിപ്പിക്കുന്ന ആരോഗ്യ-സാമൂഹിക കൂട്ടായ്മയായാണ് ഇത് പ്രവർത്തിക്കുന്നത്.

കണ്ണൂർ ജില്ലയിലെ 20-ൽപരം സെന്ററുകളിൽ നിന്നായി ആയിരത്തിലധികം മൈക്ക് 7 അംഗങ്ങൾ യൂണീഫോമിൽ ജില്ലാ സംഗമത്തിൽ പങ്കെടുക്കും. തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്റർ, മുനിസിപ്പൽ ചെയർമാൻ പി കെ സുബൈർ, വാർഡ് കൗൺസിലർ പി റഫീഖ്, ക്യാപ്റ്റൻ സലാഹുദ്ദീൻ, ബ്രാൻഡ് അംബാസഡർ അരക്കൽ ബാവ, ഡോ. ഇസ്മായിൽ മൂജീബി, പ്രസീന സുരേഷ്, നിയാസ് ഏകരൂർ, റീന സദൻ തുടങ്ങിയ ജനപ്രതിനിധികളും മൈക്ക് 7-ന്റെ സംസ്ഥാന-ജില്ലാ നേതാക്കളും സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സംഘാടക സമിതി ചെയർമാൻ കെ എസ് റിയാസ്, ജനറൽ കൺവീനർ അഷ്റഫ് മാട്ടൂൽ, ബഷീർ കെ, ട്രഷറർ മസൂദ് കായക്കൂൽ എന്നിവർ പരിപാടിയുടെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390396/kannur-mike-7-oruma-2026-taliparamba-november-8)