---
title: "പുതിയ വോട്ടർമാരെ ലക്ഷ്യമിട്ട് ക്യാമ്പസ് ടു ബൂത്ത് ഡ്രൈവിന് ജില്ലയിൽ തുടക്കം"
english_title: "Campus To Booth Drive Launched In Kannur For New Voters"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389938/campus-to-booth-drive-new-voters-kannur"
published_at: "2026-11-02T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8a1a90d71d_1000967827.jpg"
keywords: ["Campus To Booth", "Voter Registration", "Form 6", "SVEEP", "Kannur", "Election Commission"]
---

# പുതിയ വോട്ടർമാരെ ലക്ഷ്യമിട്ട് ക്യാമ്പസ് ടു ബൂത്ത് ഡ്രൈവിന് ജില്ലയിൽ തുടക്കം

> **Lead Summary:** *കണ്ണൂർ:* വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അർഹരായ വിദ്യാർഥികളെ ലക്ഷ്യമിട്ട് ജില്ലയിൽ സംഘടിപ്പിക്കുന്ന 'ക്യാമ്പസ് ടു ബൂത്ത്' ഡ്രൈവിന് ജില്ലയിൽ തുടക്കമായി. ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജിൽ നടന്നു.

## Article Content

*കണ്ണൂർ:* വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അർഹരായ വിദ്യാർഥികളെ ലക്ഷ്യമിട്ട് ജില്ലയിൽ സംഘടിപ്പിക്കുന്ന 'ക്യാമ്പസ് ടു ബൂത്ത്' ഡ്രൈവിന് ജില്ലയിൽ തുടക്കമായി. ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജിൽ നടന്നു.

രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ നിർണായകമായ ചുവടുവെപ്പാണ് ക്യാംപയിനിലൂടെ നടത്തുന്നതെന്ന്പ ജില്ലാ കളക്ടർ പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശവും ഉത്തരവാദിത്തവും വിനിയോഗിക്കാൻ ക്യാമ്പസുകളിലെ യുവതലമുറയെ പ്രാപ്തരാക്കാൻ ക്യാംപയിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2027ന്റെ ഭാഗമായി യുവജനങ്ങളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ തലങ്ങളിൽ നടക്കുന്ന പ്രത്യേക എന്റോള്മെന്റ് ഡ്രൈവ് ഒരാഴ്ച നീണ്ടുനിൽക്കും.

നിലവിൽ 17 വയസ്സ് പൂർത്തിയായവർക്കും 2027 ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം 6 വഴി അപേക്ഷിക്കാം. അർഹരായ മുഴുവൻ പേരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

ഡെപ്യൂട്ടി കളക്ടർ പി എൻ പുരുഷോത്തമൻ, കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജ് പ്രിൻസിപ്പൽ സി പി സന്തോഷ്, ഇ എൽ സി കോർഡിനേറ്റർ വി പി ശ്രീകല, തഹസിൽദാർ കെ നിസാർ എന്നിവർ പങ്കെടുത്തു.

ജില്ലയിലെ വിവിധ കോളേജുകളിലും ഹയർ സെക്കന്ററി സ്കൂളുകളിലും ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്യാമ്പസ് ടു ബൂത്ത് ഡ്രൈവ് സംഘടിപ്പിച്ചു. ക്യാംപയിൻ നവംബർ ഏഴ് വരെ തുടരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389938/campus-to-booth-drive-new-voters-kannur)