---
title: "ശാസ്ത്രമേളയ്ക്ക് മിഴിവേകി ഫോട്ടോ പോയിന്റുകൾ; ജില്ലാ മേളകൾ നടക്കുന്ന നാല് സ്കൂളുകളിൽ ആകർഷക സെൽഫി കോർണറുകൾ"
english_title: "Photo Points Shine At Kannur District School Science Festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389928/photo-points-star-district-science-festival-kannur"
published_at: "2026-11-02T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae897c24a7f8_1000967797.jpg"
keywords: ["School Science Festival", "Kannur", "Photo Point", "Selfie Corner", "Sir Syed HSS", "Seethi Sahib HSS", "Moothathu HSS", "Tagore Vidyanikethan"]
---

# ശാസ്ത്രമേളയ്ക്ക് മിഴിവേകി ഫോട്ടോ പോയിന്റുകൾ; ജില്ലാ മേളകൾ നടക്കുന്ന നാല് സ്കൂളുകളിൽ ആകർഷക സെൽഫി കോർണറുകൾ

> **Lead Summary:** *കണ്ണൂർ:* കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് മിഴിവേകി നാല് സ്കൂളുകളിലായി സ്ഥാപിച്ച ഫോട്ടോ പോയിന്റുകൾ മേളയുടെ സ്റ്റാറായി മാറി. സെൽഫിയെടുക്കാൻ കുട്ടികളുടെ തിരക്കാണ് ഇവിടങ്ങളിൽ.

## Article Content

*കണ്ണൂർ:* കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് മിഴിവേകി നാല് സ്കൂളുകളിലായി സ്ഥാപിച്ച ഫോട്ടോ പോയിന്റുകൾ മേളയുടെ സ്റ്റാറായി മാറി. സെൽഫിയെടുക്കാൻ കുട്ടികളുടെ തിരക്കാണ് ഇവിടങ്ങളിൽ.

മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റിയാണ് ഇങ്ങനെയൊരു വ്യത്യസ്തവും ആകർഷകവുമായ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്. സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂളിലെ ഡ്രോയിങ് അദ്ധ്യാപകൻ അബ്ദുൽ നാഫിഹ് ടി പി, മുഹമ്മദ് ഹാഫിസ് ടി പി, പ്രോഗ്രാം കൺവീനർ ഷഫീക് ടി പി എന്നിവരാണ് അണിയറ പ്രവർത്തകർ.

പ്രവൃത്തി പരിചയ മേള നടക്കുന്ന സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ, തളിപ്പറമ്പിലെ ഫോട്ടോ പോയിന്റ് ചിത്രശലഭത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചത്. പുസ്തകങ്ങൾ കൊണ്ട് ചിറകുകൾ നിർമ്മിച്ച് ആകാശത്തേക്ക് പറക്കുന്ന വർണ്ണാഭമായ ഒരു ലോകം എന്ന ആശയമാണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്. പെയിന്റ് ചെയ്ത ഭരണികളും, വർണ്ണ പെൻസിലുകളും, ചെറു വീടിന്റെ മാതൃകയും ഇതിന് മാറ്റുകൂട്ടുന്നു.

ഗണിതശാസ്ത്ര മേള നടക്കുന്ന സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ ഫോട്ടോ പോയിന്റ് തികച്ചും ഗണിതവുമായി ബന്ധപ്പെട്ടതാണ്. കൂട്ടൽ, കിഴിക്കൽ, ഗുണനം തുടങ്ങിയ ചിഹ്നങ്ങളും, കാൽക്കുലേറ്റർ, ജ്യാമിതി ഉപകരണങ്ങൾ, പൈയുടെ പ്രതീകം എന്നിവയും ചേർത്താണ് ഇത് നിർമ്മിച്ചത്. ചെറിയ കഥാപാത്രങ്ങളുടെ രൂപത്തിലുള്ള ട്രയാങ്കിൾ റൂളറും ആപ്പിളുകളും കുട്ടികളെ ഏറെ ആകർഷിക്കുന്നുണ്ട്.

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ശാസ്ത്രമേളയുടെ ഫോട്ടോ പോയിന്റ് സയൻസ് ലോകത്തേക്കുള്ള തുറന്ന് വിടലാണ്. വർണ്ണാഭമായ നെണ്ട് ബോട്ടം ഫ്ലാസ്കുകളും, മൈക്രോസ്കോപ്പിലൂടെ നോക്കുന്ന ഒരു കൊച്ചു ശാസ്ത്രജ്ഞന്റെ ചിത്രവും ഇതിന്റെ പ്രധാന ആകർഷണമാണ്.

സാമൂഹ്യശാസ്ത്ര, ഐ.ടി. മേള നടക്കുന്ന ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ ഫോട്ടോ പോയിന്റ് സാങ്കേതികവിദ്യയുടെയും ഭൂമിശാസ്ത്രത്തിന്റെയും സംഗമമാണ്. ഗ്ലോബിന് മുകളിൽ പറക്കുന്ന റോക്കറ്റ്, കമ്പ്യൂട്ടർ, വൈഫൈ ചിഹ്നം, പുസ്തകങ്ങൾ എന്നിവയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

മേളയോടനുബന്ധിച്ച് ഒരുക്കിയ ഈ ഫോട്ടോ പോയിന്റുകൾ വിദ്യാർത്ഥികളിൽ ശാസ്ത്രതാൽപര്യം വളർത്തുന്നതിനും മേളയുടെ സ്മരണകൾ പങ്കുവെക്കുന്നതിനും സഹായകമാകുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389928/photo-points-star-district-science-festival-kannur)