---
title: "തളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസനപാതയിൽ; 19.5 കോടിയുടെ ഓപ്പറേഷൻ കോംപ്ലക്സ്, പുതിയ ഡെന്റൽ വിഭാഗവും ഹോർമോൺ പരിശോധനാ സംവിധാനവും വരുന്നു, നഗരസഭ ചെയർമാൻ പി കെ സുബൈർ"
english_title: "Taliparamba Taluk Hospital Development Operation Complex Dental Wing Hormone Testing Facility"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389790/taliparamba-taluk-hospital-development-operation-complex"
published_at: "2026-11-01T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7615c1a451_1000965429.jpg"
keywords: ["Taliparamba Hospital", "Taluk Hospital", "Operation Complex", "Dental Wing", "KSEB", "Kerala Health"]
---

# തളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസനപാതയിൽ; 19.5 കോടിയുടെ ഓപ്പറേഷൻ കോംപ്ലക്സ്, പുതിയ ഡെന്റൽ വിഭാഗവും ഹോർമോൺ പരിശോധനാ സംവിധാനവും വരുന്നു, നഗരസഭ ചെയർമാൻ പി കെ സുബൈർ

> **Lead Summary:** *തളിപ്പറമ്പ്:* സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ കൂടുതൽ വികസിപ്പിച്ച് ആധുനിക സൗകര്യങ്ങളുള്ള പ്രധാന ആരോഗ്യകേന്ദ്രമാക്കി മാറ്റുമെന്ന് നഗരസഭ ചെയർമാൻ പി.കെ. സുബൈർ. തളിപ്പറമ്പിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് എല്ലാ വിധത്തിലുള്ള ആരോഗ്യസേവനങ്ങളും ലഭ്യമാക്കുന്ന ആരോഗ്യപരിപാലന കേന്ദ്രമായി ആശുപത്രിയെ ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

*തളിപ്പറമ്പ്:* സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ കൂടുതൽ വികസിപ്പിച്ച് ആധുനിക സൗകര്യങ്ങളുള്ള പ്രധാന ആരോഗ്യകേന്ദ്രമാക്കി മാറ്റുമെന്ന് നഗരസഭ ചെയർമാൻ പി.കെ. സുബൈർ. തളിപ്പറമ്പിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് എല്ലാ വിധത്തിലുള്ള ആരോഗ്യസേവനങ്ങളും ലഭ്യമാക്കുന്ന ആരോഗ്യപരിപാലന കേന്ദ്രമായി ആശുപത്രിയെ ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ദിവസേന ആയിരത്തോളം ഒ.പി. രോഗികൾ എത്തുന്ന ആശുപത്രിയിൽ ലബോറട്ടറിയും ഫാർമസിയും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പാവപ്പെട്ടവരും സാധാരണക്കാരുമായ നിരവധി കുടുംബങ്ങളുടെ ആശ്രയകേന്ദ്രമായ ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ആശുപത്രിയിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിൽ നഗരസഭയുടെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയും (എച്ച്.എം.സി.) സഹകരണത്തോടെ പുതിയ ഡെന്റൽ വിഭാഗം ആരംഭിക്കും. ഇതിനായുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. അടുത്ത ആഴ്ചയോടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നും മൂന്നോ നാലോ മാസത്തിനുള്ളിൽ വിഭാഗം പ്രവർത്തനസജ്ജമാക്കാനാകുമെന്നുമാണ് പ്രതീക്ഷ.

വിവിധ വൈറൽ രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി 360 ഡിഗ്രി ക്ലിനിക് മാതൃകയിലുള്ള പരിശോധനാ സംവിധാനങ്ങളും ഒരുക്കും. ഹോർമോൺ അനലൈസർ ഉൾപ്പെടെയുള്ള ആധുനിക പരിശോധനാ ഉപകരണങ്ങൾ അടുത്ത ആഴ്ചയോടെ സജ്ജമാക്കും.

പുതിയ സേവനങ്ങളുടെ സുഗമമായ നടത്തിപ്പിനായി എച്ച്.എം.സി.യുടെ നേതൃത്വത്തിൽ മൂന്ന് ഫാർമസിസ്റ്റുകൾ, മൂന്ന് ലാബ് ടെക്നീഷ്യന്മാർ, നാല് ശുചീകരണ തൊഴിലാളികൾ എന്നിവരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളച്ചെലവ് എച്ച്.എം.സി.യാണ് വഹിക്കുന്നത്.

ഏകദേശം അഞ്ചുകോടി രൂപ ചെലവിൽ നിർമ്മിച്ച കാഷ്വാലിറ്റി വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ പൂർണ്ണമായും ആധുനിക സൗകര്യങ്ങളോടുകൂടിയ കാഷ്വാലിറ്റിയായി പ്രവർത്തിക്കും. ഒന്നാം നിലയിൽ കണ്ണാശുപത്രി ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ആശുപത്രിയിലെ എല്ലാ നിലകളും വൃത്തിയോടെയും അച്ചടക്കത്തോടെയും പരിപാലിക്കുന്നതിനും കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനും സർക്കാർ സഹായം തേടും. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്രയിക്കാവുന്ന മാതൃകാ ആശുപത്രിയാക്കി മാറ്റുകയാണ് ലക്ഷ്യം.

സാധാരണക്കാരായ ജനങ്ങൾക്ക് സാമ്പത്തികബാധ്യതയില്ലാതെ പരമാവധി മികച്ച ചികിത്സയും ആധുനിക ആരോഗ്യസൗകര്യങ്ങളും ഉറപ്പാക്കുക എന്നതാണ് നഗരസഭയുടെ പ്രധാന പരിഗണനയെന്നും പി.കെ. സുബൈർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389790/taliparamba-taluk-hospital-development-operation-complex)