---
title: "ദീപാവലിക്ക് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിനുകൾ"
english_title: "Diwali Special Trains From Bengaluru To Kannur Tuticorin"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389628/diwali-special-trains-bengaluru-kannur-tuticorin"
published_at: "2026-10-31T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5b491d6f76_1000962966.jpg"
keywords: ["Diwali Special Trains", "Bengaluru", "Kannur", "SWR", "Indian Railways"]
---

# ദീപാവലിക്ക് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിനുകൾ

> **Lead Summary:** *കണ്ണൂർ:* ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തൂത്തുക്കുടിയിലേക്കും പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്.ഡബ്ല്യു.ആർ.) അറിയിച്ചു. നവംബർ ആറ്, ഏഴ് തീയതികളിലാണ് ഈ സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്.

## Article Content

*കണ്ണൂർ:* ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തൂത്തുക്കുടിയിലേക്കും പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്.ഡബ്ല്യു.ആർ.) അറിയിച്ചു. നവംബർ ആറ്, ഏഴ് തീയതികളിലാണ് ഈ സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്.

*ബംഗളൂരു – തൂത്തുക്കുടി സർവിസ്:*

06533 നമ്പർ ട്രെയിൻ നവംബർ ആറിന് രാത്രി 9.45ന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് നവംബർ ഏഴിന് ഉച്ചയ്ക്ക് 12.30ന് തൂത്തുക്കുടിയിലെത്തും. മടക്കയാത്രയിൽ 06534 നമ്പർ ട്രെയിൻ നവംബർ ഏഴിന് വൈകീട്ട് 3.30ന് തൂത്തുക്കുടിയിൽ നിന്ന് പുറപ്പെട്ട് നവംബർ എട്ടിന് പുലർച്ചെ 5.30ന് ബംഗളൂരു കന്റോൺമെന്റിലും എത്തും.

*ബംഗളൂരു – കണ്ണൂർ സർവിസ്:*

ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കുള്ള പ്രത്യേക ട്രെയിൻ (06545) നവംബർ ഏഴിന് പുലർച്ചെ 12.05ന് എസ്.എം.വി.ടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. മടക്കയാത്രയിൽ 06546 നമ്പർ ട്രെയിൻ നവംബർ ഏഴിന് വൈകീട്ട് 6.25ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് നവംബർ എട്ടിന് രാവിലെ 9.45ന് എസ്.എം.വി.ടി ബംഗളൂരുവിലെത്തും.

നേരത്തേ, തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ ദക്ഷിണ റെയിൽവേ ദീപാവലി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. 06073/06074 തിരുവനന്തപുരം നോർത്ത് – ഹസ്രത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ ആണ് സർവിസ് നടത്തുക. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽ നിന്ന് 2026 നവംബർ 2, 9, 16 തീയതികളിൽ (തിങ്കളാഴ്ചകളിൽ) ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെട്ട് ബുധനാഴ്ച രാത്രി 11.50ന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തിച്ചേരും.

മടക്കയാത്ര നവംബർ 5, 12, 19 തീയതികളിൽ (വ്യാഴാഴ്ചകളിൽ) രാവിലെ 5.45ന് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച വൈകീട്ട് 4.30ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ എത്തിച്ചേരും. കേരളത്തിൽ വർക്കല ശിവഗിരി, കൊല്ലം ജങ്ഷൻ, കായംകുളം ജങ്ഷൻ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിലാണ് കൊച്ചുവേളി - നിസാമുദ്ദീൻ ട്രെയിനിന് സ്റ്റോപ്പുകൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389628/diwali-special-trains-bengaluru-kannur-tuticorin)