---
title: "മാട്ടൂലിൽ ഡോക്ടറുടെ വീടാക്രമണ കേസ്: നാല് ലീഗ് പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്"
english_title: "Mattool Doctor House Attack Case Four League Workers Get Five Years Jail Payyannur Court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389377/mattool-doctor-house-attack-case-four-get-five-years-jail"
published_at: "2026-10-30T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4142c4a5d0_1000959858.jpg"
keywords: ["Mattool Attack Case", "Payyannur Court Verdict", "Kannur Crime News", "Muslim League Workers Jailed", "Mattool News"]
---

# മാട്ടൂലിൽ ഡോക്ടറുടെ വീടാക്രമണ കേസ്: നാല് ലീഗ് പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്

> **Lead Summary:** *പയ്യന്നൂർ:* പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിന്റെ മറവിൽ മാട്ടൂലിൽ ഡോക്ടറുടെ വീടും ആയുർവേദ മരുന്നുകട ഉടമയെയും ആക്രമിക്കുകയും വായനശാലയ്ക്കും വെയിറ്റിംഗ് ഷെൽട്ടറിനും പച്ച പെയിന്റ് അടിക്കുകയും ചെയ്ത കേസിൽ നാല് പേർക്ക് അഞ്ച് വർഷം തടവ് ശിക്ഷ.

## Article Content

*പയ്യന്നൂർ:* പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിന്റെ മറവിൽ മാട്ടൂലിൽ ഡോക്ടറുടെ വീടും ആയുർവേദ മരുന്നുകട ഉടമയെയും ആക്രമിക്കുകയും വായനശാലയ്ക്കും വെയിറ്റിംഗ് ഷെൽട്ടറിനും പച്ച പെയിന്റ് അടിക്കുകയും ചെയ്ത കേസിൽ നാല് പേർക്ക് അഞ്ച് വർഷം തടവ് ശിക്ഷ.

മാട്ടൂൽ സൗത്ത് തങ്ങളെ പള്ളിക്ക് സമീപത്തെ കുരിക്കവളപ്പിൽ സൈനുദ്ദീൻ, കുരിക്കവളപ്പിൽ ജുനൈദ്, ബപ്പുവിന്റെ റിയാദ്, വാണിയക്കാരൻ്റെവിട ജസീർ എന്നിവരെയാണ് പയ്യന്നൂർ സബ് കോടതി ജഡ്ജി എ. അൽഷാരി അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്.

പഴയങ്ങാടി എസ്.ഐ ആയിരുന്ന ജി. അനൂപാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എ.ജി.പി പി.വി. മധു ഹാജരായി.

2010 ഒക്ടോബർ 27-ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമാണ് കേസിനാസ്പദമായ സംഭവം. മാട്ടൂൽ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നേടിയതറിഞ്ഞതോടെയാണ് ഒരു സംഘം മുസ്ലീം ലീഗ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.

മാട്ടൂൽ സൗത്ത് ഗ്രാമീണ വായനശാലയ്ക്ക് സമീപമുള്ള ഡോ. പി.വി. ശാന്തയുടെ വീട് ആക്രമിച്ച സംഘം, വീടിന് സമീപത്ത് ആയുർവേദ മരുന്ന് ഷോപ്പ് നടത്തുന്ന ഡോക്ടറുടെ സഹോദരൻ പി.വി. ജയകൃഷ്ണനെയും ആക്രമിച്ചു. ഇദ്ദേഹത്തെ രക്ഷിക്കാൻ എത്തിയ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരെ ഉൾപ്പെടെ അക്രമിസംഘം കൈയേറ്റം ചെയ്തിരുന്നു.

ഗ്രാമീണ വായനശാല കെട്ടിടത്തിൽ ഐ.യു.എം.എൽ എന്ന് എഴുതുകയും വായനശാലയും മുൻവശത്തുള്ള റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും പച്ച പെയിന്റ് അടിക്കുകയും ചെയ്തു. വാഹന യാത്രക്കാരെ വരെ തടഞ്ഞുനിർത്തി തെറിവിളിക്കുകയും പരാക്രമം കാട്ടുകയും ചെയ്ത സംഘം മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389377/mattool-doctor-house-attack-case-four-get-five-years-jail)