---
title: "കണ്ണൂർ മാർക്കറ്റ് റോഡിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; രണ്ട് ലക്ഷത്തിന്റെ നഷ്ടം"
english_title: "Kannur Market Road Fire Accident Emirates Chocolates Shop Loss Fire Force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389078/kannur-market-road-fire-emirates-chocolates-shop-loss"
published_at: "2026-10-28T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae17133657d9_1000955133.jpg"
keywords: ["Fire Accident", "Kannur Market Road", "Fire And Rescue", "Kannur Fire", "Emirates Chocolates"]
---

# കണ്ണൂർ മാർക്കറ്റ് റോഡിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; രണ്ട് ലക്ഷത്തിന്റെ നഷ്ടം

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗരത്തിലെ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യാപാര സ്ഥാപനത്തിൽ പുലർച്ചെ തീപിടിത്തം.

## Article Content

കണ്ണൂർ: കണ്ണൂർ നഗരത്തിലെ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യാപാര സ്ഥാപനത്തിൽ പുലർച്ചെ തീപിടിത്തം.

ക്യാംബസാർ പള്ളിക്ക് സമീപമുള്ള 'എമിറേറ്റ്സ് ചോക്ലേറ്റ്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ്' എന്ന കടയിലാണ് ചൊവ്വാഴ്ച പുലർച്ചെ തീ പടർന്നുപിടിച്ചത്. സ്ഥാപനത്തിന്റെ ഒന്നാം നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട വഴിയാത്രക്കാരാണ് വിവരമറിയിച്ചത്.

തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂത്തുപറമ്പ് സ്വദേശി വി.സി. അഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഒന്നാം നിലയിൽ ചോക്ലേറ്റുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് ആദ്യം തീ പടർന്നത്. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര, മുൻവശത്തെ ഗ്ലാസ്, എ.സി.പി ഷീറ്റ്, ഇലക്ട്രിക് വയറിംഗ് എന്നിവ പൂർണ്ണമായും കത്തിനശിച്ചു.

സംഭവത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതർ വിലയിരുത്തുന്നു. തൊട്ടടുത്തുള്ള 'താജ് അറബ് സൂക്ക്' എന്ന സ്ഥാപനത്തിലേക്ക് തീ പടരാൻ തുടങ്ങിയെങ്കിലും ഫയർഫോഴ്സിന്റെ സമയബന്ധിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച കണ്ണൂർ പയ്യാമ്പലം റോഡിലെ റെയിൻബോ അപ്പാർട്ട്മെന്റിലെ ഒമ്പതാം നിലയിൽ തീപിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെയാണ് നഗരത്തിൽ വീണ്ടുമൊരു അപകടമുണ്ടാകുന്നത്.

ജില്ലാ ഫയർ ഓഫീസർ ബി. രാജ്, അസി. സ്റ്റേഷൻ ഓഫീസർ ജോയ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. സൂരജ്, ഉദ്യോഗസ്ഥരായ സുരേഷ്, ഷിജു, ഷമിത്ത്, അർജുൻ, ശിൽപ, അനുജിത്ത്, നിമേഷ്, ജ്യോതിഷ് കൃഷ്ണൻ, ഹോംഗാർഡുമാരായ നിഖിൽ, സജിത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389078/kannur-market-road-fire-emirates-chocolates-shop-loss)