---
title: "68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വർണാഭമായ തുടക്കം"
english_title: "68th Kerala State School Sports Meet Kozhikode Inauguration VD Satheesan NIT Ground"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388715/68th-state-school-sports-meet-kozhikode-inauguration-vd-satheesan"
published_at: "2026-10-25T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade2a6fab95b_1000949948.jpg"
keywords: ["Kerala School Sports Meet", "Kozhikode News", "VD Satheesan", "NIT Ground", "PT Usha", "N Shamsuddeen"]
---

# 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വർണാഭമായ തുടക്കം

> **Lead Summary:** 68-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കോഴിക്കോട് ജില്ലയിൽ വർണാഭമായ തുടക്കം. പ്രധാന വേദിയായ എന്‍ഐടി ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശന്‍ മേള ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ ദീപശിഖ മുഖ്യമന്ത്രിക്ക് കൈമാറി.

## Article Content

68-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കോഴിക്കോട് ജില്ലയിൽ വർണാഭമായ തുടക്കം. പ്രധാന വേദിയായ എന്‍ഐടി ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശന്‍ മേള ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ ദീപശിഖ മുഖ്യമന്ത്രിക്ക് കൈമാറി.

4,000 കായിക താരങ്ങൾ അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റോടെയാണ് കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 3,000 വിദ്യാർഥികൾ അണിനിരന്ന സാംസ്‌കാരിക പരിപാടിയും അരങ്ങേറി. ചടങ്ങിൽ കായിക കേരളത്തിനായി പ്രത്യേക പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കായിക മേഖലയ്ക്ക് സർക്കാർ വലിയ പിന്തുണ നൽകുമെന്നും പുറത്തേക്ക് മത്സരങ്ങൾക്ക് പോകുന്ന എല്ലാ കുട്ടികൾക്കും ടിഎ, ഡിഎ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാറിൽ ഒരു അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇൻക്ലൂസീവ് സ്പോർട്സിന് പ്രാധാന്യം നൽകിയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തിൽ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ഭിന്നശേഷി കുട്ടികളെയും ഇത്തവണ കായികമേളയിൽ ചേർത്തുപിടിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപ് 500 കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്ന നിലയിലായിരുന്ന സ്ഥിതി ഇപ്പോൾ 300 കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്ന നിലയിലേക്ക് ഉയർത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 10,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും പരിശീലകരുമടക്കം 15,000-ലേറെ പേർ പങ്കെടുക്കുന്ന ഏഴു ദിവസത്തെ കായിക മാമാങ്കത്തിനാണ് കോഴിക്കോട് വേദിയാകുന്നത്. 'സേ നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ്ധ സന്ദേശമുയർത്തിയാണ് ഇത്തവണ കായികമേള സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388715/68th-state-school-sports-meet-kozhikode-inauguration-vd-satheesan)