---
title: "തരംതാഴ്ത്തൽ പുനഃപരിശോധിക്കണം; സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി.പി ദിവ്യ"
english_title: "PP DIVYA Letter To CPM Central Committee Demotion Kannur District Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388492/pp-divya-letter-cpm-central-committee-demotion-review-kannur"
published_at: "2026-10-24T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc495132170_1000944589.jpg"
keywords: ["Kannur News", "PP Divya", "CPM Kannur", "CPI-M Central Committee", "Kannur District Panchayat"]
---

# തരംതാഴ്ത്തൽ പുനഃപരിശോധിക്കണം; സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി.പി ദിവ്യ

> **Lead Summary:** കണ്ണൂർ: തരംതാഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി.പി ദിവ്യ. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി രണ്ട് വർഷമായിട്ടും നീതി ലഭിച്ചില്ലെന്നും വർഗ-ബഹുജന സംഘടനകളിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

## Article Content

കണ്ണൂർ: തരംതാഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി.പി ദിവ്യ. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി രണ്ട് വർഷമായിട്ടും നീതി ലഭിച്ചില്ലെന്നും വർഗ-ബഹുജന സംഘടനകളിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മുൻപാണ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകിയത്. പി.പി ദിവ്യയെ വീണ്ടും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ നടന്നിരുന്നു. എന്നാൽ കത്ത് നൽകിയിട്ടും വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തിരിച്ചുവരാൻ പി.പി ദിവ്യയ്ക്ക് കഴിഞ്ഞില്ല. ചില നേതാക്കൾ പി.പി ദിവ്യയുടെ തിരിച്ചുവരവിനെ എതിർത്തിരുന്നു.

അതിനിടെ പാർട്ടിയിൽ നിന്ന് അകലുന്നുവെന്ന സൂചന നൽകി പി.പി ദിവ്യ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നേതാക്കൾ പി.പി ദിവ്യയെ ബന്ധപ്പെട്ടുവെന്നാണ് വിവരം. പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പാർട്ടിയുമായി അകന്ന് പോകരുതെന്നും നേതാക്കൾ പറഞ്ഞതായാണ് വിവരം.

അതേസമയം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി ദിവ്യ അഴിമതി നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണ സംഘത്തെ ഉടൻ പ്രഖ്യാപിക്കും. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും, മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ലത്തീഫിന്റെ പങ്കും അന്വേഷണപരിധിയിലുണ്ട്. ടെൻഡറില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്ന കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388492/pp-divya-letter-cpm-central-committee-demotion-review-kannur)