---
title: "ചപ്പാരപ്പടവ് ടൗണിൽ ബേക്കറിയിൽ തീപിടുത്തം: വൻ നാശ നഷ്ടം"
english_title: "Bakery Gutted In Fire Chapparapadavu Masafi Bakery Loss Five Lakh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388475/chapparapadavu-bakery-gutted-fire-masafi-bakery-loss"
published_at: "2026-10-24T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc3cf549bd8_1000946321.jpg"
keywords: ["Chapparapadavu News", "Bakery Fire", "Kannur Fire Accident", "Masafi Bakery", "Fire And Rescue"]
---

# ചപ്പാരപ്പടവ് ടൗണിൽ ബേക്കറിയിൽ തീപിടുത്തം: വൻ നാശ നഷ്ടം

> **Lead Summary:** ചപ്പാരപ്പടവ്: ടൗണിൽ സ്ഥിതി ചെയ്യുന്ന ബേക്കറി തീപിടുത്തത്തിൽ കത്തി നശിച്ചു.

## Article Content

ചപ്പാരപ്പടവ്: ടൗണിൽ സ്ഥിതി ചെയ്യുന്ന ബേക്കറി തീപിടുത്തത്തിൽ കത്തി നശിച്ചു.

ചപ്പാരപ്പടവ് ടൗണിൽ സ്ഥിതി ചെയ്യുന്ന ഞണ്ടമ്പലത്തെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള മസാഫി ബേക്കറിയാണ് ഇന്ന് പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ചത്.

പുലർച്ചെ അഞ്ചുമണിയോടെ പള്ളിയിൽ പോകുന്ന ആളുകളാണ് ബേക്കറി കെട്ടിടത്തിന് പുറത്തേക്ക് തീ പടരുന്നതായി കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. കടയുടെ ഷട്ടർ തുറന്നു നോക്കുമ്പോഴേക്കും ബേക്കറി പൂർണ്ണമായും കത്തിയ നിലയിലായിരുന്നു.

നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സമയോചിതമായ ഇടപെടലിലൂടെ ബേക്കറിയോട് ചേർന്ന ഹോട്ടലിലേക്ക് തീ പടരുന്നത് തടയാനായി. ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചപ്പാരപ്പടവിലെ പി.സി.പി അലീമയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഏകദേശം 5 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.പി ഷാജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.വി ഗിരീഷ്, പി.വി ലിഗേഷ്, കെ. ധനേഷ്, വിഷ്ണു രവീന്ദ്രൻ, ഹോം ഗാർഡ് പുരുഷോത്തമൻ കെ എന്നിവരാണ് രക്ഷാപ്രവർത്തന ടീമിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388475/chapparapadavu-bakery-gutted-fire-masafi-bakery-loss)