---
title: "സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി സഹദേവൻ അന്തരിച്ചു"
english_title: "CPI M Former State Committee Member KP Sahadevan Passes Away Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388365/cpi-m-former-state-committee-member-kp-sahadevan-passes-away-kannur"
published_at: "2026-10-23T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb238f96bdd_1000944546.jpg"
keywords: ["KP Sahadevan", "CPI M News", "Kannur News", "CPM Leader Death", "CITU Leader", "Kerala News", "Obituary"]
---

# സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി സഹദേവൻ അന്തരിച്ചു

> **Lead Summary:** കണ്ണൂർ: കമ്യൂണിസ്റ്റ്-തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി സഹദേവൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളി പകൽ ഒന്നരയോടെയാണ് അന്ത്യം.

## Article Content

കണ്ണൂർ: കമ്യൂണിസ്റ്റ്-തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി സഹദേവൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളി പകൽ ഒന്നരയോടെയാണ് അന്ത്യം.

സിഐടിയു സംസ്ഥാന സെക്രട്ടറിയായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബീഡി തെറുപ്പുകാരനായി ജീവിതമാരംഭിച്ച കെ.പി, ടുബാക്കോ വർക്കേഴ്‌സ് യൂണിയൻ കണ്ണോത്തുംചാൽ ഡിവിഷൻ സെക്രട്ടറിയായാണ് പൊതുപ്രവർത്തനം തുടങ്ങുന്നത്. തുടർന്ന് എണ്ണമറ്റ യൂണിയനുകൾക്ക് രൂപം കൊടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തു. സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം, ബീഡി ആന്റ് സിഗാർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

1955-56ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1964ൽ സിപിഐ എം രൂപം കൊണ്ടത് മുതൽ 78 വരെ കണ്ണൂർ മുനിസിപ്പൽ ലോക്കൽ സെക്രട്ടറി. 78ൽ ജില്ലാ കമ്മിറ്റി അംഗം. 86 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം. 2005ൽ സംസ്ഥാന കമ്മിറ്റി അംഗമായി. 2022ൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു. 2006ൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു.

എളയാവൂർ കണ്ണോത്തുംചാലിലെ പരേതരായ കുഞ്ഞിരാമന്റെയും കെ.പി താലയുടെയും മകനാണ്.

ഭാര്യ: കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക് മാനേജരായിരുന്ന എ.കെ കൗസല്യ. മക്കൾ: കെ.പി സജീവൻ (ഇന്റീരിയർ വർക്ക്‌ഷോപ്പ് ഉടമ), രാജീവൻ (ബയോഡ്രോപ്സ് വാട്ടർ പ്യൂരിഫയർ എംഡി), ഷമീർ (ഇംഗ്ലണ്ട്). മരുമക്കൾ: ജസിത (അഭിഭാഷക), പ്രീഷ്മ (കണ്ണോത്തുംചാൽ), സംയുക്ത (ഇംഗ്ലണ്ട്).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388365/cpi-m-former-state-committee-member-kp-sahadevan-passes-away-kannur)