---
title: "തളിപ്പറമ്പ് ദേശീയപാതയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായി"
english_title: "Taliparamba Fire Accident National Highway Shop Perakka Restaurant"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387882/taliparamba-national-highway-fire-perakka-restaurant-shoprix"
published_at: "2026-10-20T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad713f09ba5c_1000936315.jpg"
keywords: ["Taliparamba Fire", "National Highway Fire Accident", "Kannur Fire News", "Shoprix Taliparamba"]
---

# തളിപ്പറമ്പ് ദേശീയപാതയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായി

> **Lead Summary:** **തളിപ്പറമ്പ്: **ദേശീയ പാതയിൽ തളിപ്പറമ്പ് മെയിൻ റോഡിൽ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. ഷോപ്രിക്സിന് സമീപത്തെ പേരക്ക റസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. അടുപ്പിൽ നിന്നും തീപടർന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തക്കസമയത്ത് തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

## Article Content

**തളിപ്പറമ്പ്: **ദേശീയ പാതയിൽ തളിപ്പറമ്പ് മെയിൻ റോഡിൽ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. ഷോപ്രിക്സിന് സമീപത്തെ പേരക്ക റസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. അടുപ്പിൽ നിന്നും തീപടർന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തക്കസമയത്ത് തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ഇന്ന് പുലർച്ചെ 12.45 മണിയോടെയാണ് സംഭവം. പൂർണമായും അണയ്ക്കാതിരുന്ന അൽഫാം അടുപ്പിൽ നിന്നും തീപ്പൊരി പടർന്ന് ഷോപ്രിക്സിന്റെയും പേരക്ക റസ്റ്റോറന്റിന്റെയും സമീപത്തെ ഫ്ളക്സ് ബോർഡിലേക്ക് തീപടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ആലിങ്കീൽ തിയേറ്ററിനു സമീപം റോഡിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് തീപിടുത്തം ആദ്യം കണ്ടത്. അവർ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി സർവീസ് വയറുകൾക്ക് തീപടർന്നതിനെ തുടർന്ന് തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. സുനിൽകുമാർ, സി.കെ. ഷൈജേഷ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന എത്തുകയും കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിച്ചതോടെ കടകളിലേക്കുള്ള സർവീസ് വയറുകൾ വിഛേദിപ്പിച്ച് റസ്റ്റോറന്റിലെ കത്തിക്കൊണ്ടിരുന്ന അടുപ്പിലെ തീയും ഫ്ളക്സ് ബോർഡിലെയും ചിമ്മിനിയിലെയും തീയും പൂർണമായും അണച്ചു.

ഇതിനിടയിൽ കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിന് സമീപത്തെ 3 പാചകവാതക സിലിണ്ടറുകൾ അഗ്നിരക്ഷാസേന തക്കസമയത്ത് പുറത്തെടുത്ത് നീക്കിയതിനാൽ വൻ ദുരന്തമൊഴിവായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387882/taliparamba-national-highway-fire-perakka-restaurant-shoprix)