---
title: "കള്ളുചെത്ത് പഠിക്കാൻ 10,000 രൂപ സ്റ്റൈപ്പൻഡ്; യുവാക്കൾക്കായി ഒരു മാസത്തെ പരിശീലനവുമായി ക്ഷേമനിധി ബോർഡ്"
english_title: "Toddy Tapping Training Kerala 10000 Stipend Welfare Fund Board"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387707/toddy-tapping-training-kerala-10000-stipend-youth"
published_at: "2026-10-19T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5aac960b4f_1000934090.jpg"
keywords: ["Toddy Tapping", "Kallu Vyavasaya Board", "Kerala Toddy Workers", "Welfare Fund Board", "Skill Training"]
---

# കള്ളുചെത്ത് പഠിക്കാൻ 10,000 രൂപ സ്റ്റൈപ്പൻഡ്; യുവാക്കൾക്കായി ഒരു മാസത്തെ പരിശീലനവുമായി ക്ഷേമനിധി ബോർഡ്

> **Lead Summary:** യുവാക്കളെ കള്ളുചെത്തു തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി ഒരു മാസത്തെ പരിശീലന കോഴ്സ് ആരംഭിക്കാൻ കള്ളുവ്യവസായ ക്ഷേമനിധി ബോർഡ്. കള്ളുത്പാദനത്തിന്റെ ഗുണനിലവാരം, സുരക്ഷ, ശുചിത്വം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ രൂക്ഷമായ തൊഴിലാളിക്ഷാമം പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

## Article Content

യുവാക്കളെ കള്ളുചെത്തു തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി ഒരു മാസത്തെ പരിശീലന കോഴ്സ് ആരംഭിക്കാൻ കള്ളുവ്യവസായ ക്ഷേമനിധി ബോർഡ്. കള്ളുത്പാദനത്തിന്റെ ഗുണനിലവാരം, സുരക്ഷ, ശുചിത്വം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ രൂക്ഷമായ തൊഴിലാളിക്ഷാമം പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് 10,000 രൂപ സ്റ്റൈപ്പൻഡ് നൽകും. ഇൻഷുറൻസ് പരിരക്ഷയ്ക്കു പുറമേ താമസവും ഭക്ഷണവും ഒരുക്കുമെന്നും ബോർഡ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.

ജില്ലാതലത്തിൽ അപേക്ഷ നൽകാം

പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അതത് ജില്ലകളിലെ കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ നൽകാം. ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം പരിഗണിച്ചായിരിക്കും പരിശീലനം ആരംഭിക്കുക.

കള്ളുചെത്തുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനത്തിനൊപ്പം പരിസ്ഥിതിസൗഹൃദ വിളവെടുപ്പ് രീതികളും പഠിപ്പിക്കും. രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, ചെത്തുന്ന മരങ്ങൾ സംരക്ഷിക്കുക, ആവാസവ്യവസ്ഥ നിലനിർത്തുക തുടങ്ങിയ വിഷയങ്ങൾക്കും പരിശീലനത്തിൽ പ്രാധാന്യം നൽകും.

കൂടാതെ, കള്ളുത്പാദനത്തിൽ ഉപയോഗിക്കാവുന്ന നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്തും. തൊഴിൽസുരക്ഷ ഉറപ്പാക്കുന്നതിനും ഉത്പന്നത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പരിശീലനരീതികൾ ലക്ഷ്യമിടുന്നത്.

15 വർഷത്തിനിടെ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു

സംസ്ഥാനത്ത് കഴിഞ്ഞ 15 വർഷത്തിനിടെ കള്ളുചെത്തു തൊഴിലാളികളുടെ എണ്ണം 25,000ൽനിന്ന് 5,000 ആയി കുറഞ്ഞതായാണ് കണക്ക്. കള്ളുത്പാദനം കൂടുതലുള്ള പാലക്കാട് ജില്ലയിലെ ചിറ്റൂർ മേഖലയിലും തൊഴിലാളിക്ഷാമം രൂക്ഷമാണ്.

പുതിയ തലമുറയെ ഈ തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരാനും നിലവിലുള്ള തൊഴിലാളിക്ഷാമം കുറയ്ക്കാനും പരിശീലന പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. പരമ്പരാഗത തൊഴിൽരംഗത്ത് പുതിയ തൊഴിലാളികളെ സജ്ജമാക്കുന്നതിനൊപ്പം ഉത്പാദനരീതികളിൽ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387707/toddy-tapping-training-kerala-10000-stipend-youth)