---
title: "നാട്ടുകാണിയിൽ ഫാം ഉടമയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് 19 വർഷം കഠിനതടവും ആറര ലക്ഷം രൂപ വീതം പിഴയും"
english_title: "Nattukani Farm Attack Case Two Accused Sentenced To 19 Years Rigorous Imprisonment Taliparamba Court Verdict"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387009/nattukani-farm-attack-case-two-accused-19-years-jail-taliparamba-court"
published_at: "2026-10-14T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf2e8f2aa09_1000923674.jpg"
keywords: ["Taliparamba News", "Kannur News", "Crime News", "Taliparamba Additional Sessions Court", "Nattukani Case"]
---

# നാട്ടുകാണിയിൽ ഫാം ഉടമയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് 19 വർഷം കഠിനതടവും ആറര ലക്ഷം രൂപ വീതം പിഴയും

> **Lead Summary:** **തളിപ്പറമ്പ്: **നാട്ടുകാണിയിൽ ഫാം ഉടമയായ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് 19 വർഷം കഠിനതടവും ആറര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. എൻ. പ്രശാന്താണ് ഇന്ന് വിധി പ്രസ്താവിച്ചത്.

## Article Content

**തളിപ്പറമ്പ്: **നാട്ടുകാണിയിൽ ഫാം ഉടമയായ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് 19 വർഷം കഠിനതടവും ആറര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. എൻ. പ്രശാന്താണ് ഇന്ന് വിധി പ്രസ്താവിച്ചത്.

കണ്ണപുരം നടക്കൽ ഹൗസിൽ പ്രമോദ് (43), ചെറുകുന്ന് കാര്യക്കാരൻ വളപ്പിൽ കെ. വി. രജീഷ് (36) എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നാം പ്രതി എ. ഷിനോജ് (43), നാലാം പ്രതി എ. എഫ്. ജിജിൽ എന്ന കുട്ടൻ (37) എന്നിവരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു. പിഴത്തുക കേസിലെ രണ്ടാം സാക്ഷിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

2015 നവംബർ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാട്ടുകാണിയിൽ ഫാം നടത്തുന്ന ഇരിണാവ് കച്ചേരിത്തറയിലെ നുപുരത്തിൽ മിഥുൻ പി. വിജയനെ (35) ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷൻ കേസ്.

ആക്രമണത്തിൽ മിഥുന്റെ ഇടത് കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയിലൂടെ കൈപ്പത്തി തുന്നിച്ചേർത്തു. ചികിത്സയ്ക്കായി ഏകദേശം 28 ലക്ഷം രൂപ ചെലവായതായി റിപ്പോർട്ടിൽ പറയുന്നു.

കേസിന്റെ വിധി കേൾക്കാൻ മിഥുൻ ഇന്ന് കോടതിയിലെത്തി. അന്നത്തെ തളിപ്പറമ്പ് എസ്.ഐ. കെ. ജെ. വിനോയ് ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. യു. രമേശൻ ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387009/nattukani-farm-attack-case-two-accused-19-years-jail-taliparamba-court)