---
title: "പരിയാരം മെഡിക്കൽ കോളേജിൽ പ്രതിഷേധ മാർച്ച്; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്"
english_title: "DYFI Protest At Kannur Medical College Case Filed Against Workers For Destroying Flex Board"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386917/dyfi-protest-kannur-medical-college-case-flex-board-destroyed"
published_at: "2026-10-13T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace501a3e2c7_1000921494.jpg"
keywords: ["DYFI Protest", "Kannur Govt Medical College", "Police Case", "Kannur News"]
---

# പരിയാരം മെഡിക്കൽ കോളേജിൽ പ്രതിഷേധ മാർച്ച്; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിന്റെ മറവിൽ കാമ്പസിൽ അഴിഞ്ഞാടിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു.

## Article Content

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിന്റെ മറവിൽ കാമ്പസിൽ അഴിഞ്ഞാടിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു.

ഇന്ന് ഒക്ടോബർ 13ന് രാവിലെ 10 മണിക്ക് പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കുറവും, മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ക്ഷാമം പരിഹരിച്ച് രോഗികൾക്ക് യഥാവിധി ചികിത്സ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 'ആരോഗ്യ മേഖല വെന്റിലേറ്ററിൽ' എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടത്തിയത്.

നേതാക്കളായ മുഹമ്മദ് അഫ്സൽ, പി.പി. സിദാൻ, അനുശ്രീ, ഷിബിൻ കാനായി, സി.പി. ഷിജു, സുദാജ്, ലിബിൻ, ജിതിൻ, വിനീത്, സനോജ്, ശ്രീകുമാർ, അനീഷ എന്നിവരുടെ പേരിലാണ് കേസ്.

നൂറോളം പ്രവർത്തകർ ന്യായ വിരുദ്ധമായി സംഘം ചേർന്ന് നടത്തിയ പ്രകടനം മെഡിക്കൽ കോളേജ് കോമ്പൗണ്ടിനകത്തേക്ക് കടക്കരുത് എന്ന പോലീസിന്റെ നിയമാനുസൃത നിർദ്ദേശം അവഗണിച്ച് പോലീസ് പാർട്ടിയെയും തള്ളി മാറ്റി റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കിക്കൊണ്ട് കോളേജ് കോമ്പൗണ്ടിനകത്തേക്ക് കടക്കുകയും, കണ്ടാലറിയാവുന്ന ചിലർ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കവാടത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് മനപ്പൂർവ്വം നശിപ്പിക്കുകയും ചെയ്തു.

തുടർന്ന് മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുൻവശത്ത് വെച്ച് പ്രകടനം പോലീസ് തടയുകയും പ്രതിഷേധക്കാർ അവിടെ നിന്ന് മുദ്രാവാക്യം വിളിച്ച് കൊണ്ട് ബാനറും കൊടിയും പ്രദർശിപ്പിച്ചും പ്രതിഷേധിക്കുകയും ഓഫീസിലേക്ക് കയറുന്നവർക്ക് മാർഗതടസം സൃഷ്ടിക്കുകയും ചെയ്തു. പ്രകടനത്തിൽ പങ്കെടുത്തവരെ കോളേജ് കോമ്പൗണ്ടിൽ നിന്ന് 12.15 മണിയോടെയാണ് പിരിച്ചുവിട്ടത്.

നിയമവിരുദ്ധമായി സംഘം ചേർന്ന് പോലീസിന്റെ നിയമാനുസരണമായ നിർദ്ദേശം അവഗണിച്ച് മെഡിക്കൽ കോളേജ് കോമ്പൗണ്ടിന് ഉള്ളിലേക്ക് അതിക്രമിച്ചു കയറി കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഫ്ലെക്സ് ബോർഡ് മനപ്പൂർവ്വം നശിപ്പിക്കുകയും റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കി പ്രകടനവും പൊതുയോഗവും നടത്തിയതിനാണ് പരിയാരം എസ്.ഐ പി. യദുകൃഷ്ണന്റെ പരാതിയിൽ കേസെടുത്തത്.

എൻ.ജി.ഒ അസോസിയേഷന്റെ ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ എൻ.ജി.ഒ.എ നേതാക്കളായ യു.കെ. മനോഹരൻ, കെ.വി. ദിലീപ്കുമാർ എന്നിവർ പ്രതിഷേധിച്ചു. പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386917/dyfi-protest-kannur-medical-college-case-flex-board-destroyed)