---
title: "സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതിയുടെ വീട്ടിൽ പോലീസ് റെയ്ഡ്. 5.336 കിലോ ചന്ദന മുട്ടികളും ആയുധങ്ങളും പിടികൂടി"
english_title: "Highway Gold Robbery Case Raid At Accused House Sandalwood And Weapons Seized Kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386903/highway-gold-robbery-raid-sandalwood-weapons-seized-kannapuram"
published_at: "2026-10-13T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace30a7f1d3e_1000922439.jpg"
keywords: ["Highway Robbery", "Gold Robbery Kannur", "Payyannur DYSP Raid"]
---

# സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതിയുടെ വീട്ടിൽ പോലീസ് റെയ്ഡ്. 5.336 കിലോ ചന്ദന മുട്ടികളും ആയുധങ്ങളും പിടികൂടി

> **Lead Summary:** **കണ്ണപുരം:** ദേശീയ പാതയിൽ എടാട്ട് വെച്ച് തലശേരിയിലെ സ്വർണവ്യാപാരിയെ ആക്രമിച്ച് 30 പവനോളം സ്വർണവും ഒന്നര കോടിയോളം പണവും തട്ടിയെടുത്ത സ്വർണം പൊട്ടിക്കൽ സംഘത്തിലെ പ്രതിയുടെ വീട്ടിൽ റെയ്ഡിൽ 5.336 കിലോഗ്രാം ചന്ദന മുട്ടികളും ആയുധങ്ങളും പിടികൂടി.

## Article Content

**കണ്ണപുരം:** ദേശീയ പാതയിൽ എടാട്ട് വെച്ച് തലശേരിയിലെ സ്വർണവ്യാപാരിയെ ആക്രമിച്ച് 30 പവനോളം സ്വർണവും ഒന്നര കോടിയോളം പണവും തട്ടിയെടുത്ത സ്വർണം പൊട്ടിക്കൽ സംഘത്തിലെ പ്രതിയുടെ വീട്ടിൽ റെയ്ഡിൽ 5.336 കിലോഗ്രാം ചന്ദന മുട്ടികളും ആയുധങ്ങളും പിടികൂടി.

കല്യാശ്ശേരി പാറക്കടവിലെ സഞ്ജു നിവാസിൽ സനു പി. സന്തോഷിന്റെ (42) വീട്ടിലാണ് പയ്യന്നൂർ ഡി.വൈ.എസ്.പി. പി.കെ. മണിയും സംഘവും റെയ്ഡ് നടത്തിയത്. റെയ്ഡിൽ ഒരു എസ് കത്തിയും ഒരു വെട്ടുകത്തിയും മൂന്ന് ഇരുമ്പ് വടികളും പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ ജിജിലിന്റെ വീട്ടിലും റെയ്ഡ് നടത്തി.

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു പോലീസ് സംഘം റെയ്ഡ് നടത്തി ചന്ദന മുട്ടികളും ആയുധങ്ങളും പിടികൂടിയത്. ഹൈവേ റോബറി കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് തട്ടിയെടുത്ത സ്വർണവും പണവും ആയുധങ്ങളും കണ്ടെത്തുന്നതിനു വേണ്ടിയാണ് കേസന്വേഷണ ചുമതലയുള്ള ഡി.വൈ.എസ്.പി. പി.കെ. മണിയുടെ നേതൃത്വത്തിൽ പ്രതിയുടെ പാറക്കടവിലെ വീട്ടിൽ റെയ്ഡ് നടത്തി ചന്ദന മുട്ടികളും ആയുധങ്ങളും പിടിച്ചെടുത്തത്.

സംഭവം കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രതിയെ പയ്യന്നൂർ പോലീസ് കണ്ണപുരം പോലീസിന് കൈമാറി. കേസെടുത്ത കണ്ണപുരം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പോലീസ് റെയ്ഡിൽ ഡി.വൈ.എസ്.പിക്ക് പുറമെ എസ്.ഐ. പ്രകാശൻ, എ.എസ്.ഐ മാരായ ശ്രീകാന്ത്, മോഹനൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജു, പ്രതീഷ്, വനിത സിവിൽ പോലീസ് ഓഫീസർ ശില്പ എന്നിവരും ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പുലർച്ചെ 5 മണിക്കാണ് മഹാരാഷ്ട്ര സ്വദേശിയും തലശേരിയിൽ സ്വർണവ്യാപാരിയുമായ കുമാർ ജലന്തർ നിഗമിനെയും കുടുംബത്തെയും വാഹനത്തിലെത്തിയ പന്ത്രണ്ടംഗ സ്വർണം പൊട്ടിക്കൽ സംഘം ആക്രമിച്ച് 30 പവനും ഒന്നര കോടി രൂപയോളം കവർച്ച ചെയ്തത്. കേസിൽ പിടിയിലായ ആറുപേർക്ക് പുറമെ മറ്റു കൂട്ടുപ്രതികൾ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386903/highway-gold-robbery-raid-sandalwood-weapons-seized-kannapuram)