---
title: "പട്ടുവം മോഡൽ റസിഡൻഷ്യൽ സ്കൂൾ ലൈബ്രറിയിൽ ഡിജിറ്റൽ വായന സജീവമാകും; നിർദ്ദേശവുമായി ജില്ലാ കളക്ടർ"
english_title: "Pattuvam Model Residential School Digital Library Reading District Collector Kalam Program"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386028/pattuvam-mrs-digital-library-reading-district-collector-kalam-program"
published_at: "2026-10-08T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac71596df244_IMG-20191107-WA0081.jpg"
keywords: ["Pattuvam MRS", "Digital Library Kerala", "District Collector Kalam Program"]
---

# പട്ടുവം മോഡൽ റസിഡൻഷ്യൽ സ്കൂൾ ലൈബ്രറിയിൽ ഡിജിറ്റൽ വായന സജീവമാകും; നിർദ്ദേശവുമായി ജില്ലാ കളക്ടർ

> **Lead Summary:** പട്ടുവം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ലൈബ്രറിയില്‍ ഇനി ഡിജിറ്റല്‍ വായന സജീവമാകും. പഠനത്തിന്റെ ഇടവേളകളില്‍ ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ സമയ പരിധിയില്ലാതെ വായിക്കാന്‍ കുട്ടികള്‍ക്ക് സൗകര്യമൊരുക്കണമെന്ന് നിർദ്ദേശിച്ചതിനേ തുടര്‍ന്നാണിത്. കുട്ടികളുമായുള്ള പ്രതിവാര സംവാദം 'കളം' പരിപാടിയിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്.

## Article Content

പട്ടുവം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ലൈബ്രറിയില്‍ ഇനി ഡിജിറ്റല്‍ വായന സജീവമാകും. പഠനത്തിന്റെ ഇടവേളകളില്‍ ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ സമയ പരിധിയില്ലാതെ വായിക്കാന്‍ കുട്ടികള്‍ക്ക് സൗകര്യമൊരുക്കണമെന്ന് നിർദ്ദേശിച്ചതിനേ തുടര്‍ന്നാണിത്. കുട്ടികളുമായുള്ള പ്രതിവാര സംവാദം 'കളം' പരിപാടിയിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്.

പട്ടുവം എം.ആര്‍.എസ്സിലെ 35 വിദ്യാര്‍ത്ഥികളായിരുന്നു ഇത്തവണ കളത്തിലെ അതിഥികള്‍. ആരൊക്കെയാണ് ദിവസവും പത്രം വായിക്കാറ് എന്ന ചോദ്യത്തിന് പത്രവായനയുടെ കാര്യത്തിൽ തങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ കുട്ടികള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നായിരുന്നു ഡിജിറ്റല്‍ വായനയ്ക്ക് സൗകര്യമൊരുക്കാന്‍ അധ്യാപകരോട് നിര്‍ദ്ദേശിച്ചത്. പത്രം വായിക്കേണ്ട രീതിയെ കുറിച്ച് വിദ്യാര്‍ഥികളെ പരിചയപ്പെടുത്താനും നിര്‍ദ്ദേശിച്ചു.

ഡിജിറ്റല്‍ പ്രതലത്തിലും പത്രങ്ങള്‍ ഉള്‍പ്പെടെ വായിക്കാനുള്ള സൗകര്യങ്ങള്‍ നിലവിലുണ്ട്. വിദ്യാര്‍ഥികള്‍ ഇവ ഉപയോഗപ്പെടുത്തണം. അതിശയിപ്പിക്കുന്ന വിധം കഴിവുള്ളവരാണ് എല്ലാവരും. കഴിവുകള്‍ക്കൊപ്പം ആത്മവിശ്വാസം കൂടി കൈമുതലാവുമ്പോഴാണ് ജീവിത വിജയത്തിലേക്ക് മുന്നേറാനാവുകയെന്നും കുട്ടികളോട് പറഞ്ഞു. മറ്റുള്ള വിദ്യാലയങ്ങളില്‍ നിന്ന് വ്യത്യസ്തമായി എം.ആര്‍.എസ്സുകളില്‍ സൗകര്യങ്ങളെറെയുണ്ട്. ഇവ ഉപയോഗപ്പെടുത്തി നല്ല രീതിയില്‍ പഠിച്ച് മുന്നേറാനാനാവണം.

പരിമിതികളെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് ഇവിടെ നിന്നും ആര്‍ജ്ജിക്കണം. ഫുട്ബോളില്‍ വേറിട്ട വഴിയില്‍ മുന്നേറിയ കളിക്കാരനാണ് ഹിഗ്വിറ്റ. വേറിട്ട ആ ഗോള്‍ രക്ഷാപ്രവര്‍ത്തനമാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. സമൂഹത്തില്‍ ഇങ്ങനെയും അനേകം വേറിട്ട പ്രതിഭകളുണ്ട്. സ്വന്തം കഴിവുകളില്‍ വിശ്വാസമുണ്ടാവുക എന്നതാണ് പ്രധാനകാര്യം. വിജയങ്ങളെല്ലാം പിന്നാലെ വരുമെന്നും കളം പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

പട്ടുവം എം.ആര്‍.എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ അര്‍ജ്ജുനും ശിതിന്‍ രാജും ചിത്രവും കരകൗശല വസ്തുക്കളും സമ്മാനിച്ചു. സ്‌കൂളിലെ കായിക പരിശീലനം, അക്കാദമിക സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം കളത്തില്‍ ചര്‍ച്ച ചെയ്തു.

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലെ ഇന്റേണുകള്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ജില്ലാ ഭരണകൂടത്തെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ പോലീസ് കമ്മീഷണര്‍ ആസ്ഥാന സന്ദര്‍ശനവും കഴിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386028/pattuvam-mrs-digital-library-reading-district-collector-kalam-program)