---
title: "കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകിയ ഹരിത കർമ സേനാംഗങ്ങളെ അനുമോദിച്ചു"
english_title: "Taliparamba Haritha Karma Sena Members Honored for Returning Gold Chain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385709/taliparamba-haritha-karma-sena-return-gold-chain-honored"
published_at: "2026-10-06T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac47475b5641_1000904723.jpg"
keywords: ["Taliparamba News", "Haritha Karma Sena", "Pattuvam Panchayat"]
---

# കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചു നൽകിയ ഹരിത കർമ സേനാംഗങ്ങളെ അനുമോദിച്ചു

> **Lead Summary:** തളിപ്പറമ്പ്: പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നും കളഞ്ഞുകിട്ടിയ ഒന്നര പവന്റെ താലിമാല ഉടമയ്ക്ക് തിരിച്ചു നൽകി മാതൃക കാട്ടിയ ഹരിത കർമ സേനാംഗങ്ങളെ അനുമോദിച്ചു.

## Article Content

തളിപ്പറമ്പ്: പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നും കളഞ്ഞുകിട്ടിയ ഒന്നര പവന്റെ താലിമാല ഉടമയ്ക്ക് തിരിച്ചു നൽകി മാതൃക കാട്ടിയ ഹരിത കർമ സേനാംഗങ്ങളെ അനുമോദിച്ചു.

പട്ടുവം ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡായ വെളിച്ചാങ്കീൽ ക്ലസ്റ്ററിലെ ഹരിത കർമ സേനാംഗങ്ങളായ യു ഭാനുമതി, ടി വി രജിത, കെ രജനി, പി പി സുമിത്ര, സി പി രാഗിണി, ഗായത്രി എന്നിവരെയാണ് വെളിച്ചാങ്കീൽ വാർഡിലെ നാട്ടുകാരുടെ നേതൃത്വത്തിൽ അനുമോദിച്ചത്.

പട്ടുവം കച്ചേരിയിലെ പ്രതിഭ ആർട്സ് ക്ലബ്ബിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് പട്ടുവം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പി സുരേഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ പി പി സുകുമാരി അധ്യക്ഷത വഹിച്ചു. സി ഐ ടി യു തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം ടി വി പ്രേമൻ, പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ജീജ, കുടുംബശ്രീ സി ഡി എസ് മുൻ മെമ്പർ ബിന്ദു എന്നിവർ സംസാരിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ യു മോഹൻദാസ് സ്വാഗതം പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് പട്ടുവം കച്ചേരിക്ക് സമീപത്തെ തെയ്യം കലാകാരൻ കെ വി സുനിൽകുമാറിന്റെ വീട്ടിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ എത്തിയ ഹരിത കർമ സേനാംഗങ്ങൾക്ക് ഒന്നര പവന്റെ താലിമാല കളഞ്ഞു കിട്ടിയത്. സുനിൽകുമാറിന്റെ ഭാര്യ പി വി ശ്യാമളയുടെതായിരുന്നു താലിമാല.

പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി പി സുരേഷിന്റെ സാന്നിധ്യത്തിലാണ് ഹരിത കർമ സേനാംഗങ്ങൾ താലിമാല ഉടമസ്ഥർക്ക് കൈമാറി സത്യസന്ധത തെളിയിച്ച് മാതൃകയായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385709/taliparamba-haritha-karma-sena-return-gold-chain-honored)