---
title: "മറവിയുടെ ലോകത്തെ സാന്ത്വനം: ഡിമെൻഷ്യ പരിചരണ രംഗത്ത് സജീവമായി കാര്‍ത്തി ഭാസ്കരൻ; ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആദരം"
english_title: "Karthi Bhaskaran Honored For Dementia Care Service In Kannur District"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385239/karthi-bhaskaran-dementia-care-honored-kannur"
published_at: "2026-10-02T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfd17465a0e_IMG-20191107-WA0081.jpg"
keywords: ["Kannur News", "Dementia Care", "Social Justice Award", "Karthi Bhaskaran"]
---

# മറവിയുടെ ലോകത്തെ സാന്ത്വനം: ഡിമെൻഷ്യ പരിചരണ രംഗത്ത് സജീവമായി കാര്‍ത്തി ഭാസ്കരൻ; ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആദരം

> **Lead Summary:** മനസ്സിൽ നിന്നും എല്ലാം മാഞ്ഞുപോകുന്ന അവസ്ഥ. ഉറ്റവർ, ബന്ധുക്കൾ, മക്കൾ, ഒടുവിൽ അവർ അവരെത്തന്നെയും അറിയാത്തവരായി മാറുന്നവർ. ഇവർക്കിടയിലെ സാന്ത്വനത്തിന്റെ പേരാണ് അലവിൽ അലൈൻ ഗ്രീൻ ഹിൽസിലെ കാർത്തി ഭാസ്കരൻ.

## Article Content

മനസ്സിൽ നിന്നും എല്ലാം മാഞ്ഞുപോകുന്ന അവസ്ഥ. ഉറ്റവർ, ബന്ധുക്കൾ, മക്കൾ, ഒടുവിൽ അവർ അവരെത്തന്നെയും അറിയാത്തവരായി മാറുന്നവർ. ഇവർക്കിടയിലെ സാന്ത്വനത്തിന്റെ പേരാണ് അലവിൽ അലൈൻ ഗ്രീൻ ഹിൽസിലെ കാർത്തി ഭാസ്കരൻ.

ഡിമെൻഷ്യ രോഗബാധിതനായ ഭർത്താവിന്റെ പരിചരണവും ഈ രോഗം നേരിടുന്നവരുടെ പരിമിതികളുമെല്ലാം നേരിട്ടറിഞ്ഞാണ് ഇവർ ഡിമെൻഷ്യ ബാധിതരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് തുടങ്ങുന്നത്.1965 കാലഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സായായിരുന്നു ജോലിയുടെ തുടക്കം.

പിന്നീട് വിവാഹം കഴിഞ്ഞതിന് ശേഷം മദ്രാസിലും അവിടെ നിന്നും ജോലിപരമായി ആഫ്രിക്കയിലേക്കും കുടിയേറി. രണ്ട് പതിറ്റാണ്ട് ഇവിടെ ജീവിച്ചതിന് ശേഷം അമേരിക്കയിലെ ന്യൂജേഴ്സിയിലായിരുന്നു കർമ്മരംഗം. ഭർത്താവ് ഡിമെൻഷ്യ രോഗബാധിതനായതോടെ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. രോഗാവസ്ഥയെ തുടർന്ന് 2015-ൽ ഭർത്താവ് മരണപ്പെട്ടു.

ഇതിന് ശേഷം ഇവർ വിദേശത്തുള്ള മക്കളുടെ അടുത്തേക്ക് തിരിച്ചുപോകാതെ ഇവിടെ തന്നെ തുടരുകയായിരുന്നു. അന്ന് തുടങ്ങി ഡിമെൻഷ്യ രോഗബാധിതർക്കിടയിൽ പ്രവർത്തിക്കുന്നു. കണ്ണൂർ ജില്ലയിലെ ആദ്യത്തെ ഡിമെൻഷ്യ കെയർ സൊസൈറ്റി അങ്ങനെയാണ് രൂപപ്പെടുന്നത്. ഇതിന്റെ ആദ്യത്തെ പ്രസിഡന്റ് എന്ന പദവിയും ഇവർക്ക് സ്വന്തമാണ്.

പള്ളിയാംമൂലയിലെ പ്രബോധ് പകൽ വീട് ഇന്ന് ഡിമെൻഷ്യ രോഗബാധിതർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള സ്ഥാപനമാണ്. ഇതിന്റെ വൈസ് പ്രസിഡന്റ് കൂടിയായ രമേഷ് ബാബു സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. സർക്കാരിന്റെയും അഭ്യുദയകാംക്ഷികളുടെയും സഹായം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഈ കൂട്ടായ്മ.

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ വയോജന മേഖലയിലെ മികവുറ്റ സന്നദ്ധ പ്രവർത്തനത്തിനുള്ള ആദരവാണ് കാർത്തി ഭാസ്കരനെ തേടിയെത്തിയത്.ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കാർത്തി ഭാസ്കരന് പൊന്നാട അണിയിക്കുകയും തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉപഹാരം നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385239/karthi-bhaskaran-dementia-care-honored-kannur)