---
title: "മാലിന്യ സംസ്കരണത്തിൽ വീഴ്ച: മടമ്പം സ്കൂളിന് പിഴ"
english_title: "Waste Management Violation Madambam Mary Land School Fined 15000 Enforcement Squad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384582/waste-management-violation-madambam-mary-land-school-fined-15000"
published_at: "2026-09-28T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba72e870b6a_1000887585.jpg"
keywords: ["Sreekandapuram News", "Madambam School Fine", "Waste Management News", "Kannur News"]
---

# മാലിന്യ സംസ്കരണത്തിൽ വീഴ്ച: മടമ്പം സ്കൂളിന് പിഴ

> **Lead Summary:** ശ്രീകണ്ഠാപുരം: മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് മടമ്പം മേരി ലാൻഡ് സ്കൂളിനെതിരെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടപടി സ്വീകരിച്ചു.

## Article Content

ശ്രീകണ്ഠാപുരം: മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് മടമ്പം മേരി ലാൻഡ് സ്കൂളിനെതിരെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടപടി സ്വീകരിച്ചു.

മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തുകയായിരുന്നു. സ്കൂൾ പരിസരത്ത് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് അടക്കമുള്ള ജൈവ അജൈവ മാലിന്യങ്ങൾ കോമ്പൗണ്ടിലിട്ട് കത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ, വാഷ് ബേസിനുകളിൽ നിന്നുള്ള മലിനജലം അടുത്തുള്ള ഓടയിലേക്ക് ഒഴുക്കി വിടുന്നതായും കണ്ടെത്തി.

നിയമലംഘനങ്ങൾ നടത്തിയതിന് സ്കൂളിന് 15,000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനായി വ്യത്യസ്ത ബിന്നുകൾ സ്ഥാപിക്കുവാനും മാലിന്യപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുവാനും സ്കൂൾ ഹെഡ്മാസ്റ്റർക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കർശന നിർദ്ദേശം നൽകി.

വിദ്യാലയങ്ങളിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ ഗുരുതരമായി കാണേണ്ടതാണെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നിയമലംഘനങ്ങൾക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്നും സ്ക്വാഡ് അറിയിച്ചു.

പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി.പി, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ജിഷ്ണു രാജ്, പ്രവീൺ, ദിപിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384582/waste-management-violation-madambam-mary-land-school-fined-15000)