---
title: "തളിപ്പറമ്പിൽ തെരുവ് നായ ശല്യം രൂക്ഷം; നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സി.പി.ഐ.എം ധർണ്ണ നടത്തി"
english_title: "Taliparamba Stray Dog Menace CPI M Protest Municipality Inaction"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384320/taliparamba-stray-dog-menace-cpim-protest-municipality"
published_at: "2026-09-26T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7ab8a77c63_simple-card.jpg"
keywords: ["Taliparamba News", "Kannur News", "Stray Dog Issue", "CPM Protest", "Kerala News"]
---

# തളിപ്പറമ്പിൽ തെരുവ് നായ ശല്യം രൂക്ഷം; നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സി.പി.ഐ.എം ധർണ്ണ നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരം കാണുന്നതിൽ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സി.പി.ഐ.എം നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരം കാണുന്നതിൽ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സി.പി.ഐ.എം നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

തെരുവ് നായകളുടെ എണ്ണം വർധിച്ചതോടെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്. രാവിലെയും രാത്രിയിലും റോഡുകളിലൂടെ കൂട്ടമായി അലഞ്ഞുതിരിയുന്ന നായകൾ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഉൾപ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി സമരക്കാർ ചൂണ്ടിക്കാട്ടി.

കുട്ടികൾ, സ്ത്രീകൾ, വയോധികർ എന്നിവർക്ക് തെരുവിലൂടെ സഞ്ചരിക്കുന്നതിനും ഭയം നേരിടേണ്ട സാഹചര്യമാണെന്നും അവർ പറഞ്ഞു.തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തത് നഗരസഭയുടെ വീഴ്ചയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.

നായകളുടെ നിയന്ത്രണത്തിനും സംരക്ഷണത്തിനുമായി അടിയന്തരമായി ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നും, ശാസ്ത്രീയവും നിയമാനുസൃതവുമായ രീതിയിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.ഒ. സുഭാഗ്യം ധർണ്ണ ഉദ്ഘാടനം ചെയ്തു.

നഗരസഭ പ്രതിപക്ഷ നേതാവ് ടി. ബാലകൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പുല്ലായിക്കൊടി ചന്ദ്രൻ, കെ.എം. ലത്തീഫ്, കെ. ചന്ദ്രബാബു, എം.പി. സജീറ തുടങ്ങിയവർ സംസാരിച്ചു.തെരുവ് നായ പ്രശ്നത്തിൽ നഗരസഭ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി സി.പി.എം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384320/taliparamba-stray-dog-menace-cpim-protest-municipality)