---
title: "പാപ്പിനിശ്ശേരി കെ.എസ്. ടി.പി. റോഡരികിൽ കക്കൂസ് മാലിന്യവും അറവു മാലിന്യവും തള്ളി"
english_title: "waste in kstpa road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38415/waste-in-kstpa-road"
published_at: "2022-04-20T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fa92e0a017_vac.jpg"
keywords: []
---

# പാപ്പിനിശ്ശേരി കെ.എസ്. ടി.പി. റോഡരികിൽ കക്കൂസ് മാലിന്യവും അറവു മാലിന്യവും തള്ളി

> **Lead Summary:** **പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി കെ.എസ്. ടി.പി. റോഡരികിൽ കക്കൂസ് മാലിന്യവും അറവുശാലകളിലെ മാലിന്യവും തള്ളി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തിന് സമീപത്താണ് ചത്ത എരുമയെ തള്ളിയത്. തുടർന്ന് പഞ്ചായത്തധികൃതർ എത്തിയാണ് എരുമയെ കുഴിച്ചിട്ടത്.

## Article Content

**പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി കെ.എസ്. ടി.പി. റോഡരികിൽ കക്കൂസ് മാലിന്യവും അറവുശാലകളിലെ മാലിന്യവും തള്ളി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തിന് സമീപത്താണ് ചത്ത എരുമയെ തള്ളിയത്. തുടർന്ന് പഞ്ചായത്തധികൃതർ എത്തിയാണ് എരുമയെ കുഴിച്ചിട്ടത്.

വർഷങ്ങളായി പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലമുതൽ കടവ് റോഡ് വരെയുള്ള കെ.എസ്.ടി.പി. റോഡിന്റെ ഇരുവശങ്ങളും മാലിന്യക്കൂമ്പാരങ്ങളാണ്. ചത്ത അറവുമാടുകൾ, കക്കൂസ് മാലിന്യം, അറവുശാലകളിലെ മാലിന്യം എന്നിവയടക്കം യഥേഷ്ടം തള്ളുന്ന കേന്ദ്രമായിട്ടും അധികൃതർ നിസ്സഹായവസ്ഥയിലാണ്.

റോഡിലൂടെ മൂക്കുപൊത്താതെ നടക്കാൻപോലും പറ്റാത്ത അവസ്ഥയാണ്.കെ.എസ്.ടി.പി. റോഡ് ഉദ്ഘാടനം ചെയ്തതിനുശേഷം റോഡിൽ ഏതാനും സൗരോർജവിളക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ അവയ്ക്ക് മാസങ്ങളുടെ ആയുസ്സ് മാത്രമാണുണ്ടായത്. വാഹനമിടിച്ച് പല സൗരവിളക്കുകാലുകളും തകർന്നു. തകർന്ന് ദിവസങ്ങൾക്കുള്ളിൽ ഇവയുടെ ബാറ്ററികളടക്കമുള്ളവയും നഷ്ടപ്പെട്ടു.

വർഷങ്ങൾ കഴിഞ്ഞിട്ടും ഇവ പൂർവസ്ഥിതിയിലാക്കിയില്ല.കെ.എസ്.ടി.പി. റോഡിൽ ക്യാമറ സ്ഥാപിക്കുമെന്ന്‌ വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ അതും നടന്നില്ല. മാലിന്യം തള്ളുന്നവർക്ക് റോഡിലെ ഇരുട്ട് സൗകര്യമാവുകയാണ്. ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38415/waste-in-kstpa-road)