---
title: "മേനംകുളത്തെ സായുധ വനിതാ ബറ്റാലിയനിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു"
english_title: "Kerala Armed Women Battalion Menamkulam Various Projects Inaugurated By DGP"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383995/kerala-armed-women-battalion-menamkulam-projects-inaugurated-dgp"
published_at: "2026-09-24T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4a36af3980_IMG-20191107-WA0184.jpg"
keywords: ["Kerala Police News", "Women Battalion News", "Thiruvananthapuram News", "DGP News"]
---

# മേനംകുളത്തെ സായുധ വനിതാ ബറ്റാലിയനിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

> **Lead Summary:** തിരുവനന്തപുരം മേനംകുളം ആസ്ഥാനമായുള്ള കേരള സായുധ വനിതാ ബറ്റാലിയനിലെ വിവിധ വികസന-ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ നിർവഹിച്ചു.കാലഘട്ടം ആവശ്യപ്പെടുന്നതനുസരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കാൻ വനിതാ ബറ്റാലിയൻ അംഗങ്ങൾ പര്യാപ്തരാണെന്നും വനിതകൾ കേരള പോലീസിന്റെ അഭിമാനമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ റവാഡ ചന്ദ്ര ശേഖർ പറഞ്ഞു.

## Article Content

തിരുവനന്തപുരം മേനംകുളം ആസ്ഥാനമായുള്ള കേരള സായുധ വനിതാ ബറ്റാലിയനിലെ വിവിധ വികസന-ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ നിർവഹിച്ചു.കാലഘട്ടം ആവശ്യപ്പെടുന്നതനുസരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കാൻ വനിതാ ബറ്റാലിയൻ അംഗങ്ങൾ പര്യാപ്തരാണെന്നും വനിതകൾ കേരള പോലീസിന്റെ അഭിമാനമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ റവാഡ ചന്ദ്ര ശേഖർ പറഞ്ഞു.

പൊതുജനങ്ങളോട് സൗഹാർദമായി പെരുമാറാനും അവർക്ക് നീതി വാങ്ങിക്കൊടുക്കാനും എപ്പോഴും സേനാംഗങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.വനിതാ പോലീസ് സേനാംഗങ്ങളുടെ ക്ഷേമവും പരിശീലനവും ലക്ഷ്യമിട്ട് സ്വയംരക്ഷാ പരിശീലനത്തിനായുള്ള 'ശക്തി ഹാൾ', അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 'പ്രജ്ഞ ലേണിംഗ് സെന്റർ' സ്മാർട്ട് ക്ലാസ്റൂം, സേനാംഗങ്ങൾക്ക് കൗൺസിലിങ്ങിന് സൗകര്യമൊരുക്കുന്ന 'അഭയ ക്ലിനിക്ക്', കെ.എ.ഡബ്ല്യു.പി. ബറ്റാലിയന്റെ പുതിയ വെബ്സൈറ്റ് എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെട്ട പ്രധാന പദ്ധതികൾ.

സേനാംഗങ്ങളുടെ ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കുന്നതിനുള്ള 'ബർത്ത് ഡേ ട്രീ' പദ്ധതിക്കും സംസ്ഥാന പോലീസ് മേധാവി തുടക്കമിട്ടു. ഉദ്യോഗസ്ഥരുടെ ജന്മദിനങ്ങളിൽ ആ വിവരങ്ങൾ കൺട്രോൾ റൂമിലെ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും, അവരുടെ നേതൃത്വത്തിൽ ബറ്റാലിയൻ പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി.

ഓരോ മാസവും ബറ്റാലിയനിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്ന സേനാംഗങ്ങളെ ആദരിക്കുന്നതിനായി അവരുടെ ഫോട്ടോയും വിവരങ്ങളും പ്രദർശിപ്പിക്കുന്ന 'വീരാംഗനാ വാൾ' പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ബറ്റാലിയൻ അംഗങ്ങൾക്ക് ധരിക്കാനായി രൂപകൽപന ചെയ്ത ടി-ഷർട്ടിന്റെ പ്രകാശനവും ഡിജിപി നിർവഹിച്ചു.ചടങ്ങിന്റെ ഭാഗമായി യങ് ഇന്ത്യ സ്വയംരക്ഷാ പരിശീലകരെയും ഹാറ്റ്സിന്റെ കൗൺസലിംഗ് സംഘത്തെയും ആദരിച്ചു.

സ്വയംരക്ഷാ പരിശീലനത്തിന്റെ പ്രദർശനം, ബർത്ത് ഡേ ട്രീ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ ചടങ്ങ് എന്നിവയും ഇതോടൊപ്പം നടന്നു.ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി. ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡി.ഐ.ജിയുടെ അധിക ചുമതലയുമുള്ള ഡോ. ജെ. ഹിമേന്ദ്രനാഥ്, വനിതാ പോലീസ് ബറ്റാലിയൻ കമാൻഡന്റ് അഞ്ജലി ഭാവന, കേരള ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് കെ.ഇ. ബൈജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383995/kerala-armed-women-battalion-menamkulam-projects-inaugurated-dgp)