---
title: "വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ മൂല്യങ്ങൾ ഉൾക്കൊള്ളണം: അഡ്വ. ടി ഒ മോഹനൻ എംഎൽഎ"
english_title: "Students Must Embrace Values During Education TO Mohanan MLA Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383842/students-must-embrace-values-during-education-to-mohanan-kannur"
published_at: "2026-09-22T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab2a69bbeb24_1000873391.jpg"
keywords: ["Kannur News", "TO Mohanan MLA News", "Saparya News", "Education News"]
---

# വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ മൂല്യങ്ങൾ ഉൾക്കൊള്ളണം: അഡ്വ. ടി ഒ മോഹനൻ എംഎൽഎ

> **Lead Summary:** കണ്ണൂർ: വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിദ്യാർഥികൾക്ക് മൂല്യാധിഷ്ഠിത ചിന്തയും പ്രവർത്തനവും സ്വായത്തമാക്കാൻ ഓരോരുത്തർക്കും കഴിയണമെന്ന് കണ്ണൂർ എംഎൽഎ അഡ്വ. ടി ഒ മോഹനൻ അഭിപ്രായപ്പെട്ടു. സപര്യ സാംസ്കാരിക സമിതി കണ്ണൂരിൽ സംഘടിപ്പിച്ച ആതിരസ്മൃതി ചിത്ര പ്രതിഭ പുരസ്കാര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കണ്ണൂർ: വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിദ്യാർഥികൾക്ക് മൂല്യാധിഷ്ഠിത ചിന്തയും പ്രവർത്തനവും സ്വായത്തമാക്കാൻ ഓരോരുത്തർക്കും കഴിയണമെന്ന് കണ്ണൂർ എംഎൽഎ അഡ്വ. ടി ഒ മോഹനൻ അഭിപ്രായപ്പെട്ടു. സപര്യ സാംസ്കാരിക സമിതി കണ്ണൂരിൽ സംഘടിപ്പിച്ച ആതിരസ്മൃതി ചിത്ര പ്രതിഭ പുരസ്കാര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി സേവ പുരസ്കാരം നേടിയ മാതൃഭൂമിയിലെ സീനിയർ ന്യൂസ് ചീഫ് ഫോട്ടോഗ്രാഫർ സി സുനിൽകുമാറും താനും ഒരുമിച്ച് കോളേജ് പഠനം നടത്തിയവരാണെന്നും അന്നുതൊട്ട് ലഹരി വിരുദ്ധ പ്രവർത്തനവും പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനവും നടത്തി മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മാതൃകയായി വളരാൻ തങ്ങളുടെ തലമുറയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ ഭൂമി സേവ പുരസ്കാരം സി സുനിൽകുമാറിന് സമ്മാനിച്ചു. ദേശീയ-സംസ്ഥാന അവാർഡ് നേടിയ കെ പി സുനിൽകുമാർ, ദേശീയ ആർട്ട് അവാർഡ് നേടിയ രാജേന്ദ്രൻ പുല്ലൂർ, കവി നാരായണൻ തളവിൽ എന്നിവരെ ആദരിച്ചു. സപര്യ വർക്കിംഗ് പ്രസിഡന്റ് സുകുമാരൻ പെരിയച്ചൂർ അധ്യക്ഷത വഹിച്ചു.

ഓട്ടൻതുള്ളൽ ആചാര്യൻ കരിവെള്ളൂർ രത്നകുമാറിന്റെ 'കല്യാണ സൗഗന്ധികം ശീതങ്കൻ തുള്ളൽ ഒരു അഭിനയ പഠനഗ്രന്ഥം' പ്രകാശനം രവീന്ദ്രനാഥ് ചേലേരി പ്രശസ്ത കവി പ്രേമചന്ദ്രൻ ചോമ്പാലയ്ക്ക് നൽകി നിർവഹിച്ചു. ബ്ലൂ ഇങ്ക് ബുക്സ് പ്രസിദ്ധീകരിക്കുന്ന അജിത്ത് പാട്യത്തിന്റെ 'നിന്നോടായ് മാത്രം' കവിതാസമാഹാരം പ്രകാശനം പ്രശസ്ത ചെറുകഥാകൃത്ത് വത്സൻ അഞ്ചാം പീടിക എഴുത്തുകാരി രാജാമണി കുഞ്ഞിമംഗലത്തിന് നൽകി നിർവഹിച്ചു. സപര്യ പ്രസിദ്ധീകരിക്കുന്ന 'സീതാകാവ്യ സപര്യ' കവിതാ സമാഹാരം പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ ഡോ. പ്രേംജ കുന്നത്തിന് നൽകി നിർവഹിച്ചു.

ചടങ്ങിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വിദ്യാർഥികൾ ആതിര ചിത്ര പ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി.

എണ്ണച്ചായത്തിൽ ഒന്നാം സ്ഥാനം നേടിയ കനിക എം (മട്ടന്നൂർ ശങ്കരവിദ്യാപീഠം പ്ലസ് വൺ വിദ്യാർഥിനി), രണ്ടാം സ്ഥാനം നേടിയ ശ്രീഹരി പി ആർ (കാടാച്ചിറ ഹൈസ്കൂൾ, ഒൻപതാം ക്ലാസ്), ജലച്ചായത്തിൽ ഒന്നാം സ്ഥാനം നേടിയ സായൂജ് പി എം (ഒൻപതാം ക്ലാസ്, വെള്ളൂർ ഗവ. എച്ച്എസ്എസ്), രണ്ടാം സ്ഥാനം നേടിയ ആരാധ്യ പ്രദീപ് (എട്ടാം ക്ലാസ്, അഴീക്കോട് എച്ച്എസ്എസ്), മൂന്നാം സ്ഥാനം നേടിയ വിശാൽ പി (പ്ലസ് ടു, ചെമ്പിലോട് എച്ച്എസ്എസ്), പെൻസിൽ വരയിൽ ഒന്നാം സ്ഥാനം നേടിയ അഗ്നേഷ് കെ (എട്ടാം ക്ലാസ്, അഴീക്കോട് എച്ച്എസ്എസ്), രണ്ടാം സ്ഥാനം നേടിയ അഭിനവ് എം ആർ (പത്താം ക്ലാസ്, ഗവ. ബോയ്സ് സ്കൂൾ ചെറുകുന്ന്), മൂന്നാം സ്ഥാനം നേടിയ സിദ്ദീഖുൽ അക്ബർ (പ്ലസ് വൺ, എസ്ഡിപി എച്ച്എസ്എസ് ധർമ്മത്തടുക്ക കാസർകോട്), പ്രോത്സാഹന സമ്മാനം നേടിയ ദേവതീർഥ് കെ (പ്ലസ് വൺ, മട്ടന്നൂർ എച്ച്എസ്എസ്) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപവും ക്യാഷ് അവാർഡും പ്രശസ്തിപത്രവും ചിത്രരേഖയും പരിസ്ഥിതി ബാഗും ചേർന്നതാണ് പുരസ്കാരം.

ചടങ്ങിൽ സീനിയർ ജേർണലിസ്റ്റ് അജിത്ത് വെണ്ണിയൂർ മുഖ്യാതിഥി ആയിരുന്നു. മോട്ടിവേഷണൽ സ്പീക്കർ രാജേഷ് വാര്യർ മുഖ്യപ്രഭാഷണം നടത്തി. ബ്ലൂ ഇങ്ക് ബുക്സ് മാനേജിംഗ് ഡയറക്ടർ സി പി ചന്ദ്രൻ, ഡോ. ആനന്ദ കൃഷ്ണൻ എടച്ചേരി, ശ്രീകുമാർ കോറോം, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, രാജൻ അഴീക്കോടൻ, എൻ ജ്യോതി, രജനി ടി പി, ലേഖ കാദംബരി, റോമി ബെന്നി, മഹേഷ് ടി സി, ജലജ മുല്ലക്കോട് എന്നിവർ സംസാരിച്ചു. അജിത്ത് പാട്യം മറുമൊഴി നൽകി. സപര്യ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ പട്ടേന സ്വാഗതവും സപര്യ മീഡിയ സെൽ കൺവീനർ ജയകൃഷ്ണൻ മാടമന നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383842/students-must-embrace-values-during-education-to-mohanan-kannur)