---
title: "ഓടിക്കൊണ്ടിരിക്കുന്ന ബസിന് നേരെ കരിക്കെറിഞ്ഞു കുരങ്ങുകൾ ബസ്സിന്റെ മുൻഭാഗത്തെ ചില്തകർന്ന് മൂന്ന് പേർക്ക് പരിക്ക്, വൻ അപകടം ഒഴിവായി"
english_title: "The monkeys hurled stones at the running bus, injuring three people in front of the bus, avoiding a major accident."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3837/the-monkeys-hurled-stones-at-the-running-bus-injuring-three-people-in-front-of-the-bus-avoiding-a-major-accident"
published_at: "2021-10-06T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615da373eb7ce_news-card-webst.jpg"
keywords: []
---

# ഓടിക്കൊണ്ടിരിക്കുന്ന ബസിന് നേരെ കരിക്കെറിഞ്ഞു കുരങ്ങുകൾ ബസ്സിന്റെ മുൻഭാഗത്തെ ചില്തകർന്ന് മൂന്ന് പേർക്ക് പരിക്ക്, വൻ അപകടം ഒഴിവായി

> **Lead Summary:** **കണ്ണൂർ:** ഓടിക്കൊണ്ടിരുന്ന ബസിന് നേരെ തെങ്ങിന് മുകളില്‍ നിന്നും കരിക്ക് പറിച്ചെറിഞ്ഞ് കുരുങ്ങുകള്‍.

## Article Content

**കണ്ണൂർ:** ഓടിക്കൊണ്ടിരുന്ന ബസിന് നേരെ തെങ്ങിന് മുകളില്‍ നിന്നും കരിക്ക് പറിച്ചെറിഞ്ഞ് കുരുങ്ങുകള്‍.

ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു രണ്ട് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പൊട്ടിയ ചില്ല് തെറിച്ചാണ് പരിക്കേറ്റത്.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ ബസ് വാരപ്പീടികയ്ക്കു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. ഇരിട്ടിയില്‍ നിന്നും പൂളക്കുറ്റിക്ക് സര്‍വീസ് നടത്തുന്ന സെന്‍റ് ജൂഡ് ബസിനു നേരെയാണ് കുരങ്ങുകള്‍ കരിക്കെറിഞ്ഞത്.

നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന ബസാണിത്. റോഡരികിലെ തെങ്ങില്‍ നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിനു നേരെ ‌കുരങ്ങന്മാര്‍ കരിക്ക് പറിച്ച്‌ എറിഞ്ഞത്. ഇതോടെ ബസിന്‍റെ മുന്നിലെ ചില്ലുകള്‍ വന്‍ശബ്‍ദത്തോടെ തകര്‍ന്നു വീണു. ഗ്ലാസ് തകര്‍ത്ത് കരിക്ക് ബസിനുള്ളിലെത്തി. പൊട്ടിയ ചില്ല് തെറിച്ചാണ് യാത്രികരായ സ്‍ത്രീകള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റത്.

16 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.വൻ അപകടമാണ് ഒഴിവായത്.

എന്നാല്‍ സംഭവത്തില്‍ ഒഴിഞ്ഞുമാറുകയാണ് വനം വകുപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുരങ്ങുകള്‍ നാട്ടിലിറങ്ങി അക്രമം നടത്തുന്നതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. വനം വകുപ്പിന്റെ നിലപാടിനെതിരെ മലയോര മേഖലയില്‍ കര്‍ഷക രോഷം അതിശക്തമാണ്.

കുരങ്ങുകളെ കൂടു വെച്ച്‌ പിടികൂടുക, മറ്റു നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും ആവശ്യം. കാട്ടാന, കാട്ടുപന്നി, എന്നിവയെ കൂടാതെ കുരങ്ങുകള്‍ വീട്ടുപറമ്പിലും തൊടിയിലും കൃഷിയിടങ്ങളിലും വ്യാപക നാശനഷ്‍ടങ്ങള്‍ വരുത്തുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കുരുങ്ങുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നാശനഷ്‍ടം വരുത്തുന്നത് അടുത്തകാലത്ത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഇവിടെ നിലവില്‍ സര്‍വീസ് നടത്തുന്ന ഏക ബസിന് നേരയാണ് വാനരപ്പടയുടെ ആക്രമണം. ഗ്ലാസ് മാറ്റാന്‍ 17000 രൂപ ചെലവു വന്നുവെന്ന് ബസ് ഉടമ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3837/the-monkeys-hurled-stones-at-the-running-bus-injuring-three-people-in-front-of-the-bus-avoiding-a-major-accident)