---
title: "ഓപ്പറേഷൻ തൂഫാൻ ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല"
english_title: "Operation Toofan Biggest Drug Crackdown India Ramesh Chennithala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383256/operation-toofan-biggest-drug-crackdown-ramesh-chennithala"
published_at: "2026-09-18T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacd51799324_IMG-20191107-WA0206.jpg"
keywords: ["Ramesh Chennithala News", "Operation Toofan News", "Kerala Politics News", "Kerala News"]
---

# ഓപ്പറേഷൻ തൂഫാൻ ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഓപ്പറേഷൻ തൂഫാനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺക്ലേവിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഓപ്പറേഷൻ തൂഫാനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺക്ലേവിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

2029 ആകുമ്പോഴേക്കും ഇന്ത്യ ഒട്ടാകെ ലഹരിമുക്തമായി മാറണം. അതിനായി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണം. അധികാരത്തിൽ ഇല്ലാത്തപ്പോഴും ലഹരിക്കെതിരെ പോരാടിയിട്ടുണ്ട് ഇനിയും പോരാടുക തന്നെ ചെയ്യും.ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാംഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കും.

രണ്ടാംഘട്ടത്തിൽ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഓപ്പറേഷൻ തൂഫാൻ കൂടുതൽ ജനകീയമാക്കി മാറ്റും. ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മികച്ച ജനപിന്തുണയുണ്ടെന്നും മന്ത്രി പറഞ്ഞു.

തൂഫാൻ സ്ട്രൈക്ക്, തൂഫാൻ എഡ്യൂക്കേറ്റ്, തൂഫാൻ കെയർ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് ലഹരി നിർമാർജന പദ്ധതി പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങൾ വിജയകരമായിരുന്നു. സ്ത്രീകളിൽ നിന്നും അമ്മമാരിൽ നിന്നും വലിയ പ്രശംസയും പിന്തുണയും ലഭിക്കുന്നുണ്ട്.

ലഹരിക്കടത്ത് തടയുന്നതിനായി അയൽ സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജൻസികളുമായും സഹകരിച്ച് സംയുക്ത പ്രവർത്തനങ്ങൾ ശക്തമാക്കും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തമിഴ്നാട്ടിൽ അദ്ദേഹം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരിട്ട് തുടക്കമിട്ടു.

കേന്ദ്ര സർക്കാരുമായി സഹകരിച്ച് രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള ദീർഘകാല പ്രവർത്തനങ്ങളിൽ കേരള പൊലീസ് മുന്നിൽ നിന്ന് പ്രവർത്തിക്കും. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായും കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുമായും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.

ശബരിമല സ്വർണ്ണക്കവർച്ച കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷിക്കുന്നത്. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ല. പിണറായിക്കെതിരായ കേസുകളിൽ കോൺഗ്രസ് സിപിഎമ്മുമായി ഒത്തു കളിക്കുന്നു എന്ന് ആരോപിക്കുന്ന ബിജെപി സർക്കാർ കഴിഞ്ഞ 10 വർഷമായി എവിടെയായിരുന്നു.

കേന്ദ്രം ഭരിക്കുന്നത് ബിജെപി അല്ലേ. എന്നിട്ട് പിണറായി വിജയനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്? അപ്പോ സിപിഎമ്മും ബിജെപിയും തമ്മിലല്ലേ ഒത്തു കളിക്കുന്നത്. ഞാൻ പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് പല അഴിമതികളും പുറത്തുകൊണ്ടുവന്നിരുന്നു. മാസപ്പടി വിവാദം ഉൾപ്പെടെയുള്ള ഇഡി അന്വേഷിക്കുന്ന കേസുകളിൽ അടുത്തിടെയാണ് ഡിജിപിക്ക് റിപ്പോർട്ട് കിട്ടിയത്. അതിന്മേൽ അഡ്വക്കേറ്റ് ജനറലിനോട് ആഭ്യന്തരമന്ത്രി എന്ന നിലയിൽ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383256/operation-toofan-biggest-drug-crackdown-ramesh-chennithala)