---
title: "വ്യാജ രേഖ ചമച്ച് അഴിമതി നടത്തിയ പ്രൊഫസർ കുറ്റക്കാരൻ, 6 വർഷം തടവും 80,000 രൂപ പിഴയും"
english_title: "Thalassery Professor Found Guilty Forgery Corruption 6 Years Jail Fine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383167/thalassery-professor-guilty-forgery-corruption-sentence"
published_at: "2026-09-17T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabf85c5d02f_IMG-20191107-WA0088.jpg"
keywords: ["Thalassery News", "Kannur University News", "Vigilance Case News", "Kerala News"]
---

# വ്യാജ രേഖ ചമച്ച് അഴിമതി നടത്തിയ പ്രൊഫസർ കുറ്റക്കാരൻ, 6 വർഷം തടവും 80,000 രൂപ പിഴയും

> **Lead Summary:** **തലശ്ശേരി: **വ്യാജ രേഖ ചമച്ച് അഴിമതി നടത്തിയ പ്രൊഫസർ കുറ്റക്കാരനെന്ന് കോടതി. വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി തലശ്ശേരി വിജിലൻസ് കോടതിയിൽ വിചാരണ നടത്തിയ വിജിലൻസ് കേസിലെ പ്രതിയായ കണ്ണൂർ ചിറക്കൽ സ്വദേശിയും കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ ഫിസിക്സ് വിഭാഗം മേധാവിയുമായിരുന്ന ഡോ എൻ കെ ദീപക് കുറ്റക്കാരനാണെന്ന് തലശ്ശേരി വിജിലൻസ് കോടതി കണ്ടെത്തി.

## Article Content

**തലശ്ശേരി: **വ്യാജ രേഖ ചമച്ച് അഴിമതി നടത്തിയ പ്രൊഫസർ കുറ്റക്കാരനെന്ന് കോടതി. വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി തലശ്ശേരി വിജിലൻസ് കോടതിയിൽ വിചാരണ നടത്തിയ വിജിലൻസ് കേസിലെ പ്രതിയായ കണ്ണൂർ ചിറക്കൽ സ്വദേശിയും കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ ഫിസിക്സ് വിഭാഗം മേധാവിയുമായിരുന്ന ഡോ എൻ കെ ദീപക് കുറ്റക്കാരനാണെന്ന് തലശ്ശേരി വിജിലൻസ് കോടതി കണ്ടെത്തി.

കേസിൽ ഇന്ന് (17.09.2026) കോടതി ശിക്ഷ വിധിച്ചു.പ്രതി 2008-ൽ കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ (SAT Campus) ഫിസിക്സ് വിഭാഗം മേധാവിയായി ചുമതല വഹിച്ചിരുന്ന കാലയളവിൽ വ്യാജരേഖകൾ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

ഫിസിക്സ് വിഭാഗത്തിലെ പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഒരാളെ നിയമിക്കുന്നതിനായി പ്രതി 26.06.2008-ന് സർവകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

തുടർന്ന് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിൽ, അന്നത്തെ കെമിസ്ട്രി വിഭാഗത്തിൽ സമാന തസ്തികയിൽ താത്കാലികമായി ജോലി ചെയ്തിരുന്ന ജീവനക്കാരന്റെ പേരിൽ പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന വ്യാജരേഖ സംഘടിപ്പിക്കുകയും അതിൽ വ്യാജ വിലാസം ചേർത്ത് ഉപയോഗിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഫിസിക്സ് വിഭാഗത്തിൽ പ്രൊഫഷണൽ അസിസ്റ്റന്റായി നിയമനം നടത്തിയതായി സർവകലാശാല അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയും, ഡി വിനോദ് കുമാർ എന്നയാളുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തി 2008 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ശമ്പളം അനധികൃതമായി കൈപ്പറ്റുകയും ചെയ്തുവെന്നാണ് കേസ്.വിജിലൻസ് ജഡ്ജ് കെ രാമകൃഷ്ണൻ പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചു.

അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമുള്ള വിവിധ വകുപ്പുകളിൽ ആകെ 6 വർഷം കഠിന തടവും എൺപതിനായിരം രൂപ പിഴയും വിധിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ ബി അനൂബ് ഹാജരായി.

വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പി ആയിരുന്ന വി മധുസൂദനൻ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഡിവൈഎസ്പി വി മധുസൂദനൻ, ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് എന്നിവർ നിർവഹിച്ചു. ബാബു പെരിങ്ങേത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383167/thalassery-professor-guilty-forgery-corruption-sentence)