---
title: "സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി ജയരാജൻ തിരിച്ചെത്തി; ആഘോഷമാക്കി ഇടത് സൈബർ പ്രൊഫൈലുകൾ, പാട്യത്ത് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി"
english_title: "P Jayarajan Returns To CPIM State Secretariat Left Cyber Profiles Celebrate Comeback"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382865/p-jayarajan-returns-cpim-state-secretariat-celebration-kannur"
published_at: "2026-09-16T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa14fc4b949_IMG-20191107-WA0206.jpg"
keywords: ["P Jayarajan News", "CPIM News", "Kannur News", "Kerala Politics"]
---

# സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി ജയരാജൻ തിരിച്ചെത്തി; ആഘോഷമാക്കി ഇടത് സൈബർ പ്രൊഫൈലുകൾ, പാട്യത്ത് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി

> **Lead Summary:** **കണ്ണൂർ: **സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി. ജയരാജൻ തിരിച്ചെത്തിയ വാദങ്ങൾ ആഘോഷമാക്കി ഇടത് സൈബർ പ്രൊഫൈലുകൾ. ജയരാജന്റെ പോരാട്ടവീര്യവും രാഷ്ട്രീയ ജീവിതവും അടയാളപ്പെടുത്തുന്ന വീഡിയോകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

## Article Content

**കണ്ണൂർ: **സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി. ജയരാജൻ തിരിച്ചെത്തിയ വാദങ്ങൾ ആഘോഷമാക്കി ഇടത് സൈബർ പ്രൊഫൈലുകൾ. ജയരാജന്റെ പോരാട്ടവീര്യവും രാഷ്ട്രീയ ജീവിതവും അടയാളപ്പെടുത്തുന്ന വീഡിയോകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

'തഴയപ്പെട്ട നേതാവിന്റെ തിരിച്ചുവരവ്', 'കഥ തീർന്നെന്ന് കരുതിയേടത്തു നിന്ന് രണ്ടാം അധ്യായം തുടരുന്നു' തുടങ്ങിയ അടിക്കുറിപ്പുകളോടെയാണ് അനുഭാവികൾ സന്തോഷം പങ്കുവെക്കുന്നത്.

നേരത്തെ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതിരുന്നത് പാർട്ടി അണികൾക്കിടയിൽ വലിയ അതൃപ്തിക്ക് വഴിവെച്ചിരുന്നു.

കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞതിന് ശേഷം അർഹമായ പരിഗണന ലഭിച്ചില്ലെന്ന വിമർശനം ഉയർന്നുവന്നിരുന്നെങ്കിലും, ഒടുവിൽ പാർട്ടി നേതൃത്വത്തിലേക്ക് പി.ജെ എത്തുമ്പോൾ തിരുത്തലിന്റെ സൂചനയായാണ് അണികൾ ഇതിനെ കാണുന്നത്. 2018-ലെ വ്യക്തിപൂജാ വിവാദത്തിന് ശേഷമുള്ള ഈ തിരിച്ചുവരവ് പാർട്ടിയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

സെക്രട്ടേറിയറ്റ് പ്രവേശനത്തിന് ശേഷം കണ്ണൂരിലെ സ്വന്തം ജന്മനാടായ പാട്യത്ത് എത്തിയ പി. ജയരാജന് പാർട്ടി പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമാണ് പാട്യം ഗോപാലൻ മെമ്മോറിയൽ ക്ലബിന് സമീപത്ത് പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382865/p-jayarajan-returns-cpim-state-secretariat-celebration-kannur)