---
title: "പയ്യന്നൂരിൽ വീട് തകർന്നുവീണ് പരിക്കേറ്റ തൊഴിലാളികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കി എംഎൽഎയുടെ ഇടപെടൽ"
english_title: "House Collapsed In Payyannur MLA Intervention For Migrant Workers Treatment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382049/house-collapsed-payyannur-mla-intervention-migrant-workers"
published_at: "2026-09-10T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2dc4b3635d_1000844813.jpg"
keywords: ["Kannur News", "Payyannur News", "V Kunjikrishnan MLA"]
---

# പയ്യന്നൂരിൽ വീട് തകർന്നുവീണ് പരിക്കേറ്റ തൊഴിലാളികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കി എംഎൽഎയുടെ ഇടപെടൽ

> **Lead Summary:** *പരിയാരം:* പയ്യന്നൂർ കൊവ്വായിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാൻ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ അടിയന്തര ഇടപെടൽ.

## Article Content

*പരിയാരം:* പയ്യന്നൂർ കൊവ്വായിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാൻ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ അടിയന്തര ഇടപെടൽ.

അപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴോളം തൊഴിലാളികളെ അദ്ദേഹം നേരിട്ടെത്തി സന്ദർശിക്കുകയും ചികിത്സാ പുരോഗതി വിലയിരുത്തുകയും ചെയ്തു.

റവന്യൂ, തദ്ദേശസ്വയംഭരണ ജനപ്രതിനിധികളും ആശുപത്രി അധികൃതരും അടങ്ങുന്ന സംഘത്തോടൊപ്പമാണ് എം.എൽ.എ വാർഡുകളിലെത്തി പരിക്കേറ്റവരുടെ അവസ്ഥ ചോദിച്ചറിഞ്ഞത്. രോഗികളുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നൽകിവരുന്ന ചികിത്സയെക്കുറിച്ചും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുമായി അദ്ദേഹം വിശദമായി സംസാരിച്ചു. ആവശ്യമായ എല്ലാ വിദഗ്ധ ചികിത്സയും ലഭ്യമാക്കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി.

സന്ദർശന വേളയിൽ പയ്യന്നൂർ തഹസിൽദാർ സജീവൻ, ഡെപ്യൂട്ടി തഹസിൽദാർ ശ്രീജിത്ത്, മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളി, യു. രാമചന്ദ്രൻ ചെറുതാഴം, കൗൺസിലർ ഫായിസ് കൊവ്വായി, മെഡിക്കൽ കോളേജ് എ.ആർ.എം.ഒ ഡോ. മനോജ്, കാഷ്വാലിറ്റി എച്ച്.ഒ.ഡി ഡോ. വിമൽ, പി.ആർ.ഒ ദിലീപ്, സി.എച്ച്. സെന്റർ ചീഫ് കോർഡിനേറ്റർ നജ്മുദ്ദീൻ പിലാത്തറ എന്നിവരും എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.

തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ചതിന് ശേഷം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാളുമായി എം.എൽ.എ കൂടിക്കാഴ്ച നടത്തി. കാഷ്വാലിറ്റി വിഭാഗത്തിന്റെ പ്രവർത്തനം, മെഡിക്കൽ കോളേജിൽ നിലവിലുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, രോഗികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് വൈസ് പ്രിൻസിപ്പാളുമായി അദ്ദേഹം ചർച്ച ചെയ്തു. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും രോഗികൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382049/house-collapsed-payyannur-mla-intervention-migrant-workers)