---
title: "ക്ലാസിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനിയോട് ക്രൂരമായി പെരുമാറിയ അധ്യാപികയെ പിരിച്ചുവിട്ടു"
english_title: "Kannur Student Collapsed In Classroom Teacher Dismissed For Cruelty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382001/kannur-student-collapsed-teacher-dismissed-kunnoth"
published_at: "2026-09-10T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa28ea547863_IMG-20191107-WA0084.jpg"
keywords: ["Kannur News", "Kunnoth News", "Kerala School News"]
---

# ക്ലാസിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനിയോട് ക്രൂരമായി പെരുമാറിയ അധ്യാപികയെ പിരിച്ചുവിട്ടു

> **Lead Summary:** **കണ്ണൂർ: **കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ വിദ്യാർഥിനിയോട് മനുഷ്യത്വരഹിതമായി പെരുമാറിയ ക്ലാസ് ടീച്ചറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സിസ്റ്റർ ലിൻഡോ ജോസിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

## Article Content

**കണ്ണൂർ: **കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ വിദ്യാർഥിനിയോട് മനുഷ്യത്വരഹിതമായി പെരുമാറിയ ക്ലാസ് ടീച്ചറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സിസ്റ്റർ ലിൻഡോ ജോസിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

സോഡിയം കുറഞ്ഞതിനെ തുടർന്ന് മുൻപും സമാനമായ രീതിയിൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ള ആറാം ക്ലാസുകാരിയായ കുട്ടിപ്പൂട്ടിനാണ് സ്കൂളിൽ നിന്ന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പുറത്താക്കിയതെന്ന് പ്രധാന അധ്യാപകൻ ബിജു കെ.ജെ മാധ്യമങ്ങളോട് വ്യക്തമാക്കി.

ക്ലാസിൽ കുഴഞ്ഞുവീണ കുട്ടിയോട് 'നീ ഇതുവരെ ചത്തില്ലേ?' എന്ന് അധ്യാപിക ചോദിച്ചതായാണ് പ്രധാന പരാതി. കൂടാതെ, കുട്ടിയെ അധ്യാപിക ചവിട്ടിയെന്നും രക്ഷിതാക്കൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സ്‌കൂളിലെ പുതിയ അധ്യാപികയായ സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് ഈ ക്രൂരത ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന ഈ വിദ്യാർഥിനിയുടെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് സ്‌കൂൾ അധികൃതർക്ക് നേരത്തെ തന്നെ വ്യക്തമായ അറിവുണ്ടായിരുന്നു. അതിനാൽ തന്നെ മുൻകാലങ്ങളിൽ മറ്റ് അധ്യാപകരിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും കുട്ടിക്ക് പ്രത്യേക കരുതലും പരിഗണനയും ലഭിച്ചിരുന്നു.

എന്നാൽ, സംഭവത്തിന് രണ്ട് ദിവസം മുമ്പ് മാത്രം സ്‌കൂളിൽ പുതിയതായി ചുമതലയേറ്റ അധ്യാപികയാണ് വിദ്യാർഥിനിയോട് ഇത്തരത്തിൽ മോശമായി പെരുമാറിയത്.

അതേസമയം, കുട്ടിയുടെ രോഗവിവരമോ ശാരീരിക അവസ്ഥയോ തനിക്ക് അറിയുമായിരുന്നില്ലെന്നാണ് ആരോപണവിധേയയായ അധ്യാപികയുടെ വിശദീകരണം. കുട്ടിയെ മർദിച്ചിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും അവർ പ്രതികരിച്ചു. എങ്കിലും, ഈ സംഭവത്തിലെ ഇടപെടലിൽ തന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചതായി അധ്യാപിക സമ്മതിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382001/kannur-student-collapsed-teacher-dismissed-kunnoth)