---
title: "ബാങ്ക് ജീവനക്കാരുടെ നാളത്തെ പണിമുടക്കിൽ മാറ്റമില്ല; തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും"
english_title: "Bank Employees Strike Tomorrow No Change Banking Services To Be Affected"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381998/bank-employees-strike-tomorrow-no-change"
published_at: "2026-09-10T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa28cf9739f3_IMG-20191107-WA0084.jpg"
keywords: ["National News", "Bank Strike", "UFBU"]
---

# ബാങ്ക് ജീവനക്കാരുടെ നാളത്തെ പണിമുടക്കിൽ മാറ്റമില്ല; തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

> **Lead Summary:** **ന്യൂഡൽഹി: **ബാങ്ക് ജീവനക്കാരുടെ നാളത്തെ പണിമുടക്കിൽ മാറ്റമില്ല. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ച പരാജയപ്പെട്ടതോടെയാണ് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പണിമുടക്കുമായി മുന്നോട്ടുപോകുന്നത്.

## Article Content

**ന്യൂഡൽഹി: **ബാങ്ക് ജീവനക്കാരുടെ നാളത്തെ പണിമുടക്കിൽ മാറ്റമില്ല. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ച പരാജയപ്പെട്ടതോടെയാണ് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പണിമുടക്കുമായി മുന്നോട്ടുപോകുന്നത്.

ഇതോടെ വരും ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തുടർച്ചയായി ബാധിക്കും.പണിമുടക്കിന് പിന്നാലെ ശനിയും ഞായറും അവധിയായതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായക ചതുർഥി അവധിയായതിനാൽ ബാങ്കുകൾ അടഞ്ഞുകിടക്കുന്ന കാലയളവ് നാല് ദിവസമായി നീളാനും സാധ്യതയുണ്ട്.

അതിനാൽ ചെക്ക് നിക്ഷേപം, പണം പിൻവലിക്കൽ ഉൾപ്പെടെയുള്ള ശാഖാ സേവനങ്ങൾ ആവശ്യമുള്ളവർ പ്രധാന ഇടപാടുകൾ ഇന്ന് തന്നെ പൂർത്തിയാക്കുന്നതാണ് ഉചിതം.അതേസമയം എടിഎം സേവനങ്ങൾക്കും യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ ബാങ്കിങ് ഇടപാടുകൾക്കും തടസ്സം ഉണ്ടാകില്ല.

ബാങ്ക് ജീവനക്കാരുടെ രണ്ടാംഘട്ട പണിമുടക്ക് 28, 29, 30 തീയതികളിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി 26ന് നാലാം ശനി അവധിയും 27ന് ഞായറാഴ്ച അവധിയും വരുന്നതിനാൽ ബാങ്കിങ് മേഖലയിലെ പ്രവർത്തനം തുടർച്ചയായി അഞ്ച് ദിവസത്തോളം ബാധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്.

ഇതിന് പിന്നാലെ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും യുഎഫ്ബിയു പ്രഖ്യാപിച്ചിട്ടുണ്ട്.ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

വിഷയത്തിൽ വിവിധ കക്ഷികളുമായി കൂടുതൽ വിശദമായ ചർച്ചകൾ ആവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്. ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി മരവിപ്പിച്ചിരുന്നുവെങ്കിലും പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകൾ തയ്യാറായിട്ടില്ല.

2024 മാർച്ചിൽ തന്നെ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കുന്നതിന് തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ തുടർനടപടികൾ ഉണ്ടായില്ലെന്നാണ് യൂണിയനുകളുടെ ആരോപണം.

ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ എന്നിവയുൾപ്പെടെ രാജ്യത്തെ ഏഴ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുഎഫ്ബിയുവാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381998/bank-employees-strike-tomorrow-no-change)