---
title: "ഭാര്യയുടെ ചികിത്സയ്ക്കും വീടിന്റെ ജപ്തി ഒഴിവാക്കാനുമാണെന്ന പേരിൽ വീട് സമ്മാനമായി പ്രഖ്യാപിച്ച് കൂപ്പൺ തട്ടിപ്പ്. ബെന്നി തോമസിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് കർമസമിതി"
english_title: "Kannur Lottery Coupon Fraud Benny Thomas Investigation Demand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381800/kannur-lottery-coupon-fraud-benny-thomas-investigation-demand"
published_at: "2026-09-09T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa108d34994b_IMG-20191107-WA0081.jpg"
keywords: ["Kannur News", "Crime News", "Fraud Case"]
---

# ഭാര്യയുടെ ചികിത്സയ്ക്കും വീടിന്റെ ജപ്തി ഒഴിവാക്കാനുമാണെന്ന പേരിൽ വീട് സമ്മാനമായി പ്രഖ്യാപിച്ച് കൂപ്പൺ തട്ടിപ്പ്. ബെന്നി തോമസിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് കർമസമിതി

> **Lead Summary:** **കണ്ണൂർ: **ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ പ്രതി അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലത്ത് ബെന്നി തോമസിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബാധിതരുടെ കർമസമിതി രംഗത്ത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് (എസ്.പി) പരാതി നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ: **ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ പ്രതി അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലത്ത് ബെന്നി തോമസിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബാധിതരുടെ കർമസമിതി രംഗത്ത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് (എസ്.പി) പരാതി നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഭാര്യയുടെ ചികിത്സയ്ക്കും വീടിന്റെ ജപ്തി ഒഴിവാക്കാനുമാണെന്ന പേരിൽ സ്വന്തം വീട് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചാണ് ബെന്നി സമ്മാനക്കൂപ്പണുകൾ അച്ചടിച്ച് വിൽപ്പന നടത്തിയത്.

1,500 രൂപ വിലയുള്ള 10,000 ടിക്കറ്റുകൾ വിൽക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, ഇതിന്റെ മറവിൽ 10,000-ത്തിലധികം കൂപ്പണുകൾ വിറ്റ് പ്രവാസികളിൽ നിന്നടക്കം മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കർമസമിതി ആരോപിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നറുക്കെടുപ്പ് നിശ്ചയിച്ചതിന് തലേദിവസം പോലീസ് റെയ്ഡ് നടത്തി സമ്മാനക്കൂപ്പണുകളും കൗണ്ടർ ഫോയിലുകളും പിടിച്ചെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ഇരയായവരുടെ പരാതി. നിലവിൽ 600 പേരാണ് കർമസമിതിയിൽ അംഗങ്ങളായുള്ളതെന്നും തട്ടിപ്പിന് ഇരയായവരുടെ യഥാർത്ഥ എണ്ണം ഇതിന്റെ ഇരട്ടിയിലധികമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381800/kannur-lottery-coupon-fraud-benny-thomas-investigation-demand)