---
title: "സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; പ്രതിസന്ധിക്ക് കാരണം കടുത്ത ചൂട്"
english_title: "Kerala Power Cut Load Shedding High Demand Coal Shortage KSEB"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381710/kerala-power-cut-load-shedding-high-demand-coal-shortage-kseb"
published_at: "2026-09-08T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ffb8d45a57_301399.jpg"
keywords: ["Kerala News", "KSEB News", "Power Cut"]
---

# സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; പ്രതിസന്ധിക്ക് കാരണം കടുത്ത ചൂട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം. കൊടും ചൂടിൽ വൈദ്യുതി ആവശ്യകത ഉയർന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് കാരണം. സമാന സ്ഥിതിയുള്ളതിനാൽ നിയന്ത്രണം തുടർന്നേക്കും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം. കൊടും ചൂടിൽ വൈദ്യുതി ആവശ്യകത ഉയർന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് കാരണം. സമാന സ്ഥിതിയുള്ളതിനാൽ നിയന്ത്രണം തുടർന്നേക്കും.

മഴയില്ലാത്തതിനാൽ ചൂട് കൂടുതലായിരുന്നു. കണക്കുകൂട്ടിയതിനേക്കാൾ വൈദ്യുതി ആവശ്യവും ഉയർന്നു. മഴ കാരണം കൽക്കരിയില്ലാത്തതിനാൽ ഉത്തരേന്ത്യയിൽ വൈദ്യുതോൽപാദനം കുറഞ്ഞു. കെഎസ്ഇബിക്ക് പീക്ക് സമയത്തേക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല.

എല്ലാം കൂടിയായപ്പോൾ ഇന്നലെ രാത്രിയിൽ ഒന്നിലധികം തവണ കറന്റ് കട്ടായി.ഏറ്റവും ഉയർന്ന ആവശ്യകത വൈകിട്ട് ഏഴേ കാലിനാണ് രേഖപ്പെടുത്തിയത്. 4999 മെഗാവാട്ട്. മൊത്തം ഉപയോഗം 93.74 ദശലക്ഷം യൂണിറ്റ്. ജലവൈദ്യുതി 24 ദശലക്ഷം യൂണിറ്റ് മാത്രം. 67 ദശലക്ഷം യൂണിറ്റോളം പുറത്ത് നിന്നായിരുന്നു. ഇതിൽ കൂടുതൽ കിട്ടാനില്ല.

കൽക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതം കുറഞ്ഞു. കഴിഞ്ഞ മാസം ഇതേ ദിവസം 42 ദശലക്ഷം യൂണിറ്റെങ്കിൽ ഇന്നലെ കിട്ടിയത് 37 ദശലക്ഷം യൂണിറ്റ് ആയിരുന്നു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും ഉയർന്ന ആവശ്യകത ആയതിനാൽ പവർ എക്സ്ചേഞ്ചിലും വൈദ്യുതി കിട്ടാനില്ല. ഉള്ളതിന് ഉയർന്ന വിലയുമാണ്.മധ്യപ്രദേശിൽ നിന്ന് മുൻ ദിവസങ്ങളിൽ കിട്ടിയതു പോലെ കടമായി വൈദ്യുതി ഇന്നലെ കിട്ടിയില്ല. പീക്ക് സമയത്ത് വൈദ്യുതിക്കായുള്ള ടെൻഡറിനെ കമ്പനികൾ തിരിഞ്ഞു നോക്കിയില്ല.

ഭരണമാറ്റം അടക്കമുള്ള കാരണങ്ങളാൽ സമയത്ത് ആസൂത്രണവുമുണ്ടായില്ല. ആവശ്യകത കൂടുന്നതനുസരിച്ച് പുതിയ ദീർഘകാല കരാറുകളുമില്ല. രാത്രികാലങ്ങളിലെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് ഉൾപ്പെടെ നിയന്ത്രണമില്ലാത്ത ഉപയോഗമെന്നാണ് കെഎസ്ഇബി വിമർശനം. എല്ലാം കൂടിയായപ്പോൾ കേരളം ഇരുട്ടത്തായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381710/kerala-power-cut-load-shedding-high-demand-coal-shortage-kseb)