---
title: "തളിപ്പറമ്പുകാരൻ ഡോ. പുഷ്പരാജിന് കോയമ്പത്തൂർ അമൃത സർവകലാശാലയിൽ നിന്ന് പി എച്ച് ഡി; ഗവേഷണം സംഗീതത്തിലെ AI സാധ്യതകളിൽ"
english_title: "Taliparamba Dr Pushparaj PhD From Amrita University Coimbatore Music AI Research Flute Artist"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381446/taliparamba-dr-pushparaj-phd-amrita-university-flute-artist"
published_at: "2026-09-07T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e42cc15deb_simple-card.jpg"
keywords: ["Education News", "PHd"]
---

# തളിപ്പറമ്പുകാരൻ ഡോ. പുഷ്പരാജിന് കോയമ്പത്തൂർ അമൃത സർവകലാശാലയിൽ നിന്ന് പി എച്ച് ഡി; ഗവേഷണം സംഗീതത്തിലെ AI സാധ്യതകളിൽ

> **Lead Summary:** **തളിപ്പറമ്പ്: **കോയമ്പത്തൂർ അമൃത സർവകലാശാലയിൽ നിന്ന് പി എച്ച് ഡി ബിരുദം നേടി തളിപ്പറമ്പ് സ്വദേശി ഡോ. പുഷ്പരാജ്.'മെഷീൻ ആൻഡ് ഡീപ് ലേണിംഗ് ബേസ്ഡ് മ്യൂസിക് ഗാന ആൻഡ് രാഗ ക്ലാസിഫിക്കേഷൻ' എന്ന വിഷയത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

## Article Content

**തളിപ്പറമ്പ്: **കോയമ്പത്തൂർ അമൃത സർവകലാശാലയിൽ നിന്ന് പി എച്ച് ഡി ബിരുദം നേടി തളിപ്പറമ്പ് സ്വദേശി ഡോ. പുഷ്പരാജ്.'മെഷീൻ ആൻഡ് ഡീപ് ലേണിംഗ് ബേസ്ഡ് മ്യൂസിക് ഗാന ആൻഡ് രാഗ ക്ലാസിഫിക്കേഷൻ' എന്ന വിഷയത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

തളിപ്പറമ്പ് കൊട്ടാരം യു പി സ്കൂൾ, മൂത്തേടത്ത് ഹൈസ്കൂൾ, കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.നിലവിൽ കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ പ്രൊഫസറായി പ്രവർത്തിക്കുകയാണ് ഡോ. പുഷ്പരാജ്.

പ്രൊഫസർ എന്നതിനൊപ്പം പ്രശസ്ത ഫ്ലൂട്ട് കലാകാരൻ കൂടിയാണ് അദ്ദേഹം. മുള കൊണ്ടുള്ള ഓടക്കുഴലിൽ അദ്ദേഹം അവതരിപ്പിക്കുന്ന ഹൃദ്യമായ സംഗീത പരിപാടികൾ ഏറെ ശ്രദ്ധേയമാണ്.ബാല്യകാലം മുതൽ സംഗീതത്തോട് അഗാധമായ താൽപര്യം പുലർത്തിയ പുഷ്പരാജ് കോർപ്പറേറ്റ് പരിപാടികൾ, അക്കാദമിക് കോൺഫറൻസുകൾ, സാംസ്കാരികോത്സവങ്ങൾ, പ്രമുഖ വിവാഹാഘോഷങ്ങൾ തുടങ്ങി വിവിധ വേദികളിൽ തന്റെ സംഗീത പ്രതിഭ തെളിയിച്ചിട്ടുണ്ട്.

'ഫ്ലൂട്ട് ഫാന്റസി' എന്ന സ്വന്തം മ്യൂസിക് ബാൻഡിന് നേതൃത്വം നൽകുന്ന അദ്ദേഹം 'പ്രൊഫസർ പുഷ്പരാജ് ഫ്ലൂട്ട് ഫാന്റസി' എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ ഫ്ലൂട്ട് കവർ ഗാനങ്ങളും സംഗീതാസ്വാദകരുമായി പങ്കുവയ്ക്കുന്നു.എം ക്യൂബ് (മ്യൂസിക്, മെമ്മറി, മെഡിറ്റേഷൻ) എന്ന വ്യത്യസ്തമായ പരിപാടിയും അദ്ദേഹം അവതരിപ്പിച്ചു വരുന്നു.

ഈ പരിപാടിയിൽ സദസ്സിലുള്ളവർ തത്സമയം നൽകുന്ന 200 ക്രമരഹിതമായ വാക്കുകളും 100 അക്കങ്ങളുള്ള ഒരു സംഖ്യയും ഓർമ്മയിൽ സൂക്ഷിച്ച് തിരിച്ചു പറഞ്ഞു കൊണ്ട് തന്റെ അസാധാരണമായ ഓർമ്മശക്തി അദ്ദേഹം പ്രകടിപ്പിക്കുന്നു.തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ മുട്ടത്താൻ കുമാരന്റെയും വേങ്ങാട് തെരുവിലെ പരേതയായ തോട്ടുങ്കര സരോജിനിയുടെയും മകനാണ്. കോഴിക്കോട് പറോപ്പടിയിലെ അശ്വതിയാണ് ഭാര്യ. ദേവ് പുഷ്പരാജ്, വേദ് പുഷ്പരാജ് എന്നിവർ മക്കളാണ്. ഹേമലത (ഗൾഫ്) സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381446/taliparamba-dr-pushparaj-phd-amrita-university-flute-artist)