---
title: "യെച്ചൂരിയുടെ വാഹന വിവാദം; അപവാദ പ്രചാരണമെന്ന് എം.വി.ജയരാജന്‍:ആരോപണത്തിന് മറുപടിയുമായി കാറുടമ "
english_title: "vehicle of seetharam yechoori"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38124/vehicle-of-seetharam-yechoori"
published_at: "2022-04-18T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d388fa1fbf_vac.jpg"
keywords: []
---

# യെച്ചൂരിയുടെ വാഹന വിവാദം; അപവാദ പ്രചാരണമെന്ന് എം.വി.ജയരാജന്‍:ആരോപണത്തിന് മറുപടിയുമായി കാറുടമ 

> **Lead Summary:** സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം. അപവാദ പ്രചാരണമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.

## Article Content

സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം. അപവാദ പ്രചാരണമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.

കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹനം ഏര്‍പ്പെടുത്തി നല്‍കിയെന്ന പ്രചാരണം തെറ്റ്. 28 ഉടമകളില്‍ നിന്നായി നിരവധി വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തെന്നും എം.വി.ജയരാജന്‍ പറഞ്ഞു.ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തത്. ബംഗാളില്‍ നിന്ന് വന്ന പിബി അംഗങ്ങള്‍ ഉള്‍പ്പെടെ കൊച്ചി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയവര്‍ക്ക് എറണാകുളം ജില്ലാ കമ്മിറ്റി തന്നെയാണ് വാഹനങ്ങള്‍ വാടകയ്ക്ക് തയാറാക്കിയത്.

കോഴിക്കോട് വിമാനത്താവളത്തില്‍ ജമ്മുകാശ്മീരില്‍ നിന്ന് മൂന്നു പേര്‍ ഇറങ്ങിയിട്ട് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വാഹനം വാടകയ്ക്ക് നല്‍കിയത്.അതിന്റെയെല്ലാം തുക കണ്ണൂരില്‍ വച്ചാണ് നല്‍കിയത്. കൊച്ചിയില്‍ നിന്ന് രണ്ട് രീതിയില്‍ ആണ് വാഹനങ്ങള്‍ ശരിയാക്കിയത്. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് പ്രതിനിധി സഖാക്കളെ വാഹനങ്ങളില്‍ എറണാകുളം സൗത്ത് റെയ്ല്‍വേ സ്റ്റേഷനിലെത്തിച്ച് മാവേലി എസ്‌ക്പ്രസിലും പിബി അംഗങ്ങളെ കാറിലുമാണ് കണ്ണൂരിലേക്ക് എത്തിച്ചത്.

കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹനം ഏര്‍പ്പെടുത്തിയെന്ന പ്രചാരണം ശരിയല്ലെന്നും എം.വി.ജയരാജന്‍ പറഞ്ഞു.വാഹനം വാടകയ്ക്ക് എടുത്തു.അതില്‍ നേതാക്കളും പ്രതിനിധികളും എത്തുന്നു. അതൊന്നും വിവാദമാക്കേണ്ട കാര്യമില്ല.

കണ്ണൂരിലെ ഒരു പ്രമുഖ ട്രാവല്‍ ടൂറിസം ഏജന്‍സിയുമായി ബന്ധപ്പെട്ട് വാഹനങ്ങളെടുക്കുകയാണ് ചെയ്തത്. യെച്ചൂരി സ്ഥിരിമായി ഉപയോഗിച്ചത് കെഎല്‍ 13 എയു 2707 എന്ന വാഹനം ആണ്. അതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കാം.എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് വരാന്‍ ട്രാവല്‍ ഏജന്‍സി പല വാഹനങ്ങളും തരപ്പെടുത്തിയിരുന്നു.

ആ ദൃശ്യമായിരിക്കാം ബിജെപി കാണിക്കുന്നതെന്നും എം.വി.ജയരാജന്‍ പറഞ്ഞു. അതേസമയം പാര്‍ട്ടി കോണ്‍ഗ്രസിന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച കാര്‍ വാടകയ്ക്ക് നല്‍കിയതെന്ന് ഉടമ സിദ്ദിഖ് പുത്തന്‍ പുരയില്‍.'താൻ ക്രിമിനൽ കേസ് പ്രതിയല്ല.രാഷ്ട്രീയക്കേസുകള്‍ മാത്രമാണ് തനിക്കെതിരെയുള്ളത്. മുസ്ലിം ലീ​ഗ് പ്രവർത്തകനായ തനിക്ക് എസ്ഡിപിഐയുമായി ബന്ധമില്ലെന്നും സിദ്ദിഖ് പറഞ്ഞു. ട്രാവല്‍സ് ഉടമ എന്ന നിലയില്‍ നേരത്തെയും വാഹനം നല്‍കാറുണ്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരാണ് വാഹനം ആവശ്യപ്പെടുന്നതെന്ന് നോക്കാറില്ലെന്നും സിദ്ദിഖ് പുത്തന്‍പുരയില്‍ പറഞ്ഞു.

യെച്ചൂരി യാത്ര ചെയ്ത കെഎല്‍ 18 എബി 5000 ഫോര്‍ച്യൂണര്‍ കാര്‍ എസ്ഡിപിഐ ബന്ധമുള്ളതാണെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസായിരുന്നു ആരോപണം ഉന്നയിച്ചത്. ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുര മുക്കില്‍ മൊടവന്തേരിയിലെ ചുണ്ടയില്‍ സിദ്ദിഖിന്റേതാണ് കാർ. ഇയാള്‍ നാദാപുരം മേഖലയില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പകല്‍ സമയത്ത് ലീഗും രാത്രി എസ്ഡിപിഐ പ്രവര്‍ത്തകനുമാണെന്നായിരുന്നു ഹരിദാസിന്റെ ആരോപണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38124/vehicle-of-seetharam-yechoori)