---
title: "ചെടികൾ നട്ടും പാർക്ക് ഒരുക്കിയും മനോഹരമാക്കിയ ഇടം ഇന്ന് കാടുകയറി, അവഗണനയിൽ ബക്കളം സുൽത്താൻ റോഡ്"
english_title: "Bakalam Sultan Road Beautification Neglected Park Overgrown Locals Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381112/bakalam-sultan-road-beautification-neglected-locals-protest"
published_at: "2026-09-04T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a952363916_simple-card.jpg"
keywords: ["Bakalam News", "Payyanur News", "Kannur News"]
---

# ചെടികൾ നട്ടും പാർക്ക് ഒരുക്കിയും മനോഹരമാക്കിയ ഇടം ഇന്ന് കാടുകയറി, അവഗണനയിൽ ബക്കളം സുൽത്താൻ റോഡ്

> **Lead Summary:** **ബക്കളം: **ഒരിക്കൽ റോഡിന്റെ ഇരുവശവും ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കിയിരുന്ന ബക്കളം സുൽത്താൻ റോഡിന്റെ ഇന്നത്തെ അവസ്ഥയിൽ പ്രതിഷേധവുമായി നാട്ടുകാർ. റോഡിന്റെ ഇരുവശങ്ങളിലും കാടും പുല്ലും വളർന്ന് പ്രദേശം വൃത്തിഹീനമായി കിടക്കുന്നതായാണ് പരാതി.

## Article Content

**ബക്കളം: **ഒരിക്കൽ റോഡിന്റെ ഇരുവശവും ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കിയിരുന്ന ബക്കളം സുൽത്താൻ റോഡിന്റെ ഇന്നത്തെ അവസ്ഥയിൽ പ്രതിഷേധവുമായി നാട്ടുകാർ. റോഡിന്റെ ഇരുവശങ്ങളിലും കാടും പുല്ലും വളർന്ന് പ്രദേശം വൃത്തിഹീനമായി കിടക്കുന്നതായാണ് പരാതി.

റോഡിന്റെ ഇരുവശവും കുറ്റിക്കോലുകൾ ഉപയോഗിച്ച് വേർതിരിച്ച് ചെടികൾ നട്ടുപിടിപ്പിക്കുകയും കുട്ടികൾക്കായി ചെറിയ പാർക്ക് ഒരുക്കുകയും ചെയ്തിരുന്നതാണ്. മുൻ കൗൺസിലറും മുൻ നഗരസഭ വൈസ് ചെയർമാനുമായ ഷാജുവിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

അദ്ദേഹത്തിന്റെ ഭരണകാലത്തും തുടർന്നുള്ള കഴിഞ്ഞ അഞ്ച് വർഷവും പ്രദേശം നല്ല രീതിയിൽ പരിപാലിച്ചിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നാണ് പരാതി. ചെടികളും പരിസരവും സംരക്ഷിക്കപ്പെടാതെ കാടുകയറിയതോടെ കുട്ടികൾക്കായി ഒരുക്കിയിരുന്ന പാർക്കും കളിയുപകരണങ്ങളും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്.

പുല്ലും കാടും വളർന്നതോടെ ഇഴജന്തുക്കളുടെയും മറ്റ് വിഷജന്തുക്കളുടെയും സാന്നിധ്യത്തെക്കുറിച്ചും നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നു.ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് നഗരസഭ സ്ഥാപിച്ചിരിക്കുന്ന ‘അരുത്, മാലിന്യങ്ങൾ വലിച്ചെറിയരുത്… ഇനി യാത്ര ശുചിത്വ പാതയിലൂടെ’ എന്ന ബോർഡിന് സമീപം തന്നെ കാടുകയറി കിടക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

ഇത് നഗരസഭയുടെ ശുചിത്വ സന്ദേശത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നാണ് നാട്ടുകാരുടെ വിമർശനം.പ്രദേശത്തിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച് ഇപ്പോഴത്തെ കൗൺസിലർക്ക് പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആവശ്യമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

അടിയന്തരമായി കാടും പുല്ലും വെട്ടിമാറ്റി പ്രദേശം വൃത്തിയാക്കുകയും കുട്ടികളുടെ പാർക്കും കളിയുപകരണങ്ങളും പുനഃസ്ഥാപിക്കുകയും റോഡിന്റെ ഇരുവശങ്ങളിലെയും ചെടികൾ സംരക്ഷിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381112/bakalam-sultan-road-beautification-neglected-locals-protest)