---
title: "കാന്തപുരത്തിന് പിന്തുണയുമായി ഇ.കെ സമസ്ത; വിമർശനം വേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ"
english_title: "Kanthapuram AP Aboobacker Support EK Samastha Jifri Thangal Nasar Faizi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380933/kanthapuram-support-ek-samastha-jifri-thangal-nasar-faizi"
published_at: "2026-09-03T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9901c9c759c_1000827383.jpg"
keywords: ["Kanthapuram News", "EK Samastha News", "Jifri Thangal News"]
---

# കാന്തപുരത്തിന് പിന്തുണയുമായി ഇ.കെ സമസ്ത; വിമർശനം വേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

> **Lead Summary:** **മലപ്പുറം: **സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ സമസ്ത നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് പിന്തുണയുമായി ഇ.കെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇന്ത്യ രാജ്യത്ത് ഓരോരുത്തർക്കും അവരുടെ മതപരമായ കാര്യങ്ങൾ പറയാമെന്നും അത് സ്വീകരിക്കാമെങ്കിൽ സ്വീകരിക്കാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

## Article Content

**മലപ്പുറം: **സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ സമസ്ത നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് പിന്തുണയുമായി ഇ.കെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇന്ത്യ രാജ്യത്ത് ഓരോരുത്തർക്കും അവരുടെ മതപരമായ കാര്യങ്ങൾ പറയാമെന്നും അത് സ്വീകരിക്കാമെങ്കിൽ സ്വീകരിക്കാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

അല്ലാതെ കാലികമല്ലെന്ന് പറഞ്ഞ് കളിയാക്കേണ്ടതില്ല. ഉത്തരവാദിത്തപ്പെട്ടവർ അങ്ങനെ പ്രതികരിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

> "ഓരോ മതങ്ങൾക്കും അവരവരുടെ മതകാര്യങ്ങൾ ഉണ്ട്. ഇന്ത്യ അങ്ങനെയൊരു രാജ്യമാണ്. ഏതെങ്കിലും ഒരു മതത്തിന്റെ ആചാരങ്ങളെ ആരും എതിർക്കരുത്. അങ്ങനെ എതിർക്കാൻ അനുവദിക്കില്ല. വിശുദ്ധ ശരീഅത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത് കാലത്തിനനുസരിച്ച് മാറില്ല. മാറ്റേണ്ടതുമില്ല", ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

കാന്തപുരത്തെ പിന്തുണച്ച് ഇ.കെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും രംഗത്തെത്തിയിരുന്നു. കാന്തപുരം മതവിധി പറഞ്ഞതിനെ തലകീഴായി മറിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പലരും തെറ്റിദ്ധരിപ്പിക്കുകയാണെന്നും സ്ത്രീകളുടെ നവോത്ഥാനത്തിനും സംരക്ഷണത്തിനും പുരോഗമന കാലഘട്ടത്തോട് യോജിക്കുന്ന ധാർമ്മിക സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് കാന്തപുരം ഉൾപ്പെടെ മതപണ്ഡിതന്മാരെന്നും നാസർ ഫൈസി കൂട്ടിച്ചേർത്തു.

സ്ത്രീകളെ അടുക്കളകളിൽ തളച്ചിടാമെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. അവർ രംഗപ്രവേശം ചെയ്യുന്നിടങ്ങളിൽ പ്രദർശന വസ്തുവാകരുതെന്നും അവരുടെ സുരക്ഷിതത്വം സമൂഹം ഉറപ്പുവരുത്തണമെന്നും പറയുന്നത് പുരോഗമന വിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380933/kanthapuram-support-ek-samastha-jifri-thangal-nasar-faizi)