---
title: "സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫീസ് ജില്ലയായി കണ്ണൂർ: ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട "
english_title: "kannur is first e office district "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38085/kannur-is-first-e-office-district"
published_at: "2022-04-18T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d0a048f1e9_vac.jpg"
keywords: []
---

# സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫീസ് ജില്ലയായി കണ്ണൂർ: ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട 

> **Lead Summary:** **കണ്ണൂർ : **സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫീസ് ജില്ലയായി കണ്ണൂർ. കളക്ടറേറ്റ്, റവന്യൂ ഡിവിഷൻ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, റവന്യൂവകുപ്പിന് കീഴിൽ വരുന്ന സ്പെഷ്യൽ ഓഫീസുകളടക്കം മുഴുവനായി ഇ-ഓഫീസ് സംവിധാനം നടപ്പാക്കും. സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായാണ് കളക്ടറുടെ നേതൃത്വത്തിൽ ഐ.ടി. മിഷനും എൻ.ഐ.സി.യും ചേർന്ന് 60 ദിവസത്തെ പരിശ്രമംകൊണ്ട് പദ്ധതി നടപ്പാക്കിയത്.

## Article Content

**കണ്ണൂർ : **സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫീസ് ജില്ലയായി കണ്ണൂർ. കളക്ടറേറ്റ്, റവന്യൂ ഡിവിഷൻ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, റവന്യൂവകുപ്പിന് കീഴിൽ വരുന്ന സ്പെഷ്യൽ ഓഫീസുകളടക്കം മുഴുവനായി ഇ-ഓഫീസ് സംവിധാനം നടപ്പാക്കും. സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായാണ് കളക്ടറുടെ നേതൃത്വത്തിൽ ഐ.ടി. മിഷനും എൻ.ഐ.സി.യും ചേർന്ന് 60 ദിവസത്തെ പരിശ്രമംകൊണ്ട് പദ്ധതി നടപ്പാക്കിയത്.

റവന്യൂ ഓഫീസുകളിൽ സമ്പൂർണ ഇ-ഓഫീസ് നടപ്പാക്കിയതിന്റെ പ്രഖ്യാപനം മന്ത്രി കെ. രാജൻ നിർവഹിച്ചു. ജില്ലാ ഐ.ടി മിഷൻ പ്രോജക്ട് മാനേജർ മിഥുൻ കൃഷ്ണ, എൻജിനിയർമാർ എന്നിവരെ റവന്യൂവകുപ്പ് മന്ത്രി ആദരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ., കളക്ടർ എസ്. ചന്ദ്രശേഖർ, എ.ഡി.എം. കെ.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു.

അസി. കളക്ടർ മുഹമ്മദ് ഷഫീഖ്, തളിപ്പറമ്പ് ആർ.ഡി.ഒ. ഇ.പി. മേഴ്‌സി എന്നിവർ സംബന്ധിച്ചു. കളക്ടറേറ്റിലെ നിരീക്ഷണ ക്യാമറ പ്രവർത്തനപദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സൗകര്യങ്ങൾ : ഇ-ഓഫീസിലൂടെ തപാൽ സൃഷ്ടിക്കൽ, ഫയൽ സൃഷ്ടിക്കൽ, ഫയൽ പ്രോസസിങ്‌, ഫയലിൽനിന്ന് ഓർഡറുകൾ നൽകൽ എന്നിവയിൽ തുടങ്ങി ഫയൽനീക്കത്തിന്റെ എല്ലാഘട്ടവും ഇ-ഓഫീസിന്റെ ഭാഗമാവും.

പ്രസിദ്ധീകരിച്ച സർക്കാർ ഉത്തരവുകൾ, ഫയൽ സ്റ്റാറ്റസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ അനായാസം ഇ-ഓഫീസിന്റെ വെബ്പോർട്ടൽ മുഖേന പൊതുജനങ്ങൾക്ക് ലഭ്യമാകും. റവന്യൂവകുപ്പിൽ വിവിധ ഡിജിറ്റൽ സേവനങ്ങളാണ് പുതുതായി ആരംഭിക്കുന്നത്. ഭൂനികുതി അടക്കാനുള്ള മൊബൈൽ ആപ്പ്, വില്ലേജ് ഓഫീസുകളിൽ ഔദ്യോഗിക വെബ്സൈറ്റുകൾ, പൊതുജനങ്ങൾക്കായി ഇ-സർവീസസ് പോർട്ടൽ തുടങ്ങിയവയാണ് സേവനങ്ങൾ. ജനങ്ങൾക്ക് വിവിധ ഭൂരേഖകൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഇതിലൂടെ കുറയ്ക്കാനും ആവശ്യങ്ങൾ സാധിക്കാനും കഴിയും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38085/kannur-is-first-e-office-district)