---
title: "രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു രൂപ എടുത്തെന്ന് തെളിയിക്കാമോ? കുഞ്ഞികൃഷ്ണനെ വെല്ലുവിളിച്ച് ടി.ഐ മധുസൂദനൻ"
english_title: "TI Madhusudanan Challenges Kunhikrishnan MLA Martyr Fund CPM Payyanur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380780/ti-madhusudanan-challenges-kunhikrishnan-mla-martyr-fund-cpm-payyanur"
published_at: "2026-09-02T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a979d87afc8c_1000824875.jpg"
keywords: ["Payyanur News", "TI Madhusudanan News", "V Kunhikrishnan MLA"]
---

# രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു രൂപ എടുത്തെന്ന് തെളിയിക്കാമോ? കുഞ്ഞികൃഷ്ണനെ വെല്ലുവിളിച്ച് ടി.ഐ മധുസൂദനൻ

> **Lead Summary:** കണ്ണൂർ: രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു രൂപ താനെടുത്തുവെന്ന് തെളിയിക്കാമോ? സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എ.യുമായ ടി.ഐ. മധുസൂദനൻ പത്രസമ്മേളനത്തിൽ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ.യെ വെല്ലുവിളിച്ചു.

## Article Content

കണ്ണൂർ: രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു രൂപ താനെടുത്തുവെന്ന് തെളിയിക്കാമോ? സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എ.യുമായ ടി.ഐ. മധുസൂദനൻ പത്രസമ്മേളനത്തിൽ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ.യെ വെല്ലുവിളിച്ചു.

ജനങ്ങളിൽ നിന്ന് പൈസ പിരിച്ചിട്ടുണ്ട്. ജനങ്ങളോട് ആ കണക്ക് പറഞ്ഞിട്ടുണ്ട്. പയ്യന്നൂർ ഏരിയയിലെ 267 പാർട്ടി ബ്രാഞ്ചുകളിലും അനുഭാവികളോടും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധനരാജിനെ വിറ്റ് എം.എൽ.എ. സ്ഥാനം നേടിയ ആളാണ് കുഞ്ഞികൃഷ്ണൻ. തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി ഡീൽ ഉണ്ടാക്കി. സഹകരണ സ്ഥാപനത്തിലെ സെക്രട്ടറിയായി സുഖജീവിതം നയിച്ചയാളാണ്. എം.എൽ.എ. ആകാൻ ആഗ്രഹമുണ്ടെങ്കിൽ പാർട്ടിയോട് പറയാമായിരുന്നു.

ജനങ്ങളുമായി ഇടപഴകാത്ത സർക്കുലർ കമ്യൂണിസ്റ്റാണ് കുഞ്ഞികൃഷ്ണൻ. കെ. ദാമോദരനെ ഉദ്ധരിച്ച് വാദങ്ങൾ നിരത്തുന്നത് നിർത്തുന്നതാണ് നല്ലത്. സി. അച്യുതമേനോൻ കെ. ദാമോദരനെക്കുറിച്ച് എഴുതിയത് പയ്യന്നൂരിന്റെ എംഎൽഎ വായിക്കണം - ടി.ഐ. മധുസൂദനൻ പറഞ്ഞു.

പയ്യന്നൂർ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂർ മണ്ഡലത്തിൽ സി.പി.എം ഓരോ വീടും കയറി ആളുകളെ കാണും. പാർട്ടിയെക്കുറിച്ച് അഭിപ്രായങ്ങൾ തേടും. പാർട്ടിയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ അതെല്ലാം പറയാം.

തിരുത്തേണ്ടത് തിരുത്തും. പാർട്ടിയുടെ സർവശക്തി ജനങ്ങളാണ്. ജനങ്ങളെ അണിനിരത്തി കൂടുതൽ ശക്തമായി മുന്നോട്ടുപോകും. ഇവിടെ ശക്തമായ തിരിച്ചുവരവുണ്ടാകും. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ചെയ്യാൻ പോകുന്നതെന്ന് സി.പി.എം നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പയ്യന്നൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിണറായിയുടെ വാക്കിൽ എവിടെയാണ് ഭീഷണിയുണ്ടായതെന്ന് മധുസൂദനൻ ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ പ്രചാരണങ്ങളിലൂടെയും എൽ.ഡി.എഫ് സ്ഥാനാർഥിയെ വ്യക്തിപരമായി അധിക്ഷേപിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വിജയം നേടിയ വി. കുഞ്ഞികൃഷ്ണൻ ഇപ്പോഴും തുടരുന്നത് രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത പ്രചാരണമാണെന്നും സി.പി.എം നേതാക്കൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എ.യുമായ ടി.ഐ. മധുസൂദനൻ, ഏരിയ സെക്രട്ടറി പി. സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം സരിൻ ശശി, കെ.കെ. ഗംഗാധരൻ, എം. രാഘവൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380780/ti-madhusudanan-challenges-kunhikrishnan-mla-martyr-fund-cpm-payyanur)