---
title: "കണ്ണൂർ ആസ്റ്റർ മിംസിന്റെ ശ്രുതിസ്പർശം പദ്ധതി; സൗജന്യ ശ്രവണസഹായികളുടെ വിതരണോദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു"
english_title: "Aster MIMS Kannur Shruthisparsham Project Minister Ramesh Chennithala Inaugurates Free Hearing Aids"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380600/aster-mims-kannur-shruthisparsham-free-hearing-aids-ramesh-chennithala"
published_at: "2026-08-31T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95a422b790d_1000821690.jpg"
keywords: ["Aster MIMS Kannur News", "Shruthisparsham Project", "Ramesh Chennithala News"]
---

# കണ്ണൂർ ആസ്റ്റർ മിംസിന്റെ ശ്രുതിസ്പർശം പദ്ധതി; സൗജന്യ ശ്രവണസഹായികളുടെ വിതരണോദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു

> **Lead Summary:** **കണ്ണൂർ: **സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്നവർക്ക് ആശ്വാസമേകാൻ കണ്ണൂർ ആസ്റ്റർ മിംസ് ആരംഭിച്ച ശ്രുതിസ്പർശം കാരുണ്യ പദ്ധതിയുടെ ഭാഗമായി നിർധനരായ രോഗികൾക്കുള്ള സൗജന്യ ശ്രവണസഹായികളുടെ വിതരണോദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

## Article Content

**കണ്ണൂർ: **സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്നവർക്ക് ആശ്വാസമേകാൻ കണ്ണൂർ ആസ്റ്റർ മിംസ് ആരംഭിച്ച ശ്രുതിസ്പർശം കാരുണ്യ പദ്ധതിയുടെ ഭാഗമായി നിർധനരായ രോഗികൾക്കുള്ള സൗജന്യ ശ്രവണസഹായികളുടെ വിതരണോദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

ആശുപത്രി സംഘടിപ്പിച്ച രോഗനിർണയ ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്തത്. കൂടാതെ പദ്ധതിയുടെ ഭാഗമായി സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് അർഹരായ വ്യക്തിയുടെ പേരും ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. നിർധനരായ രോഗികൾക്ക് താങ്ങേകുന്ന ആസ്റ്റർ മിംസിന്റെ ഈ മാനുഷിക ഇടപെടൽ ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുപ്പത് പേർക്ക് സൗജന്യമായി ശ്രവണസഹായികളും, 5 പേർക്ക് സൗജന്യ നിരക്കിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയും ലഭ്യമാക്കുക എന്നതാണ് ശ്രുതിസ്പർശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആസ്റ്റർ മിംസ് കണ്ണൂർ, ആസ്റ്റർ വോളന്റിയേഴ്സ്, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തിന്റെ വിജയകരമായ പൂർത്തീകരണത്തിന് ശേഷം, പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക രോഗനിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കണ്ണൂർ ആസ്റ്റർ മിംസ് ഇ.എൻ.ടി വിഭാഗത്തിന്റെയും അഡ്വാൻസ്ഡ് കോക്ലിയർ-ഹിയറിങ് എയ്ഡ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ സെപ്റ്റംബർ 1 മുതൽ 10 വരെയാണ് ക്യാമ്പ് നടക്കുക. ഡോ. രാമകൃഷ്ണൻ വി, ഡോ. അക്ഷയ് വി.കെ, ഡോ. വിഷ്ണുദാസ് ടി.വി എന്നിവരടങ്ങുന്ന വിദഗ്ധ സംഘം ക്യാമ്പിന് നേതൃത്വം നൽകും.

സാമൂഹിക പ്രതിബദ്ധത മുൻനിർത്തി നിർധനരായ രോഗികളുടെ പുനരധിവാസത്തിനായി വരും നാളുകളിലും കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് കണ്ണൂർ ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ. അനൂപ് നമ്പ്യാർ വ്യക്തമാക്കി.

ടി. ഒ. മോഹനൻ എം.എൽ.എ, സി.എം.എസ് ഡോ. സുപ്രിയ രഞ്ജിത്ത്, ഇ.എൻ.ടി വിഭാഗം മേധാവി ഡോ. രാമകൃഷ്ണൻ വി, ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. മുരളി ഗോപാൽ, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസീം കെ.വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രണ്ടാം ഘട്ട മെഡിക്കൽ ക്യാമ്പിലേക്ക് രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും: +91 62352 34000 എന്ന നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380600/aster-mims-kannur-shruthisparsham-free-hearing-aids-ramesh-chennithala)