---
title: "പോലീസ് സേന ജനതാത്പര്യം ഉയർത്തിപ്പിടിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല"
english_title: "Police Force Should Uphold Public Interest Ramesh Chennithala KAP MSP Passing Out Parade"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380585/police-should-uphold-public-interest-ramesh-chennithala-mangattuparamba"
published_at: "2026-08-31T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95828aeba9e_1000821208.jpg"
keywords: ["Ramesh Chennithala News", "Kerala Police News", "Mangattuparamba Parade"]
---

# പോലീസ് സേന ജനതാത്പര്യം ഉയർത്തിപ്പിടിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** **കണ്ണൂർ: **പോലീസ് സേന ജനതാത്പര്യം ഉയർത്തിപ്പിടിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ കെ.എ.പി, എം.എസ്.പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡിന്റെ ഭാഗമായി മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: **പോലീസ് സേന ജനതാത്പര്യം ഉയർത്തിപ്പിടിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ കെ.എ.പി, എം.എസ്.പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡിന്റെ ഭാഗമായി മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത പോലീസ് സേനാംഗങ്ങൾക്കുണ്ട്. സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പോലീസെന്നും അദ്ദേഹം പറഞ്ഞു.

കുറ്റാന്വേഷണ കാര്യങ്ങളിലും കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും രാജ്യത്തിന് തന്നെ മാതൃകയായ സേനയാണ് കേരള പോലീസ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തവും നാടിന്റെ ഐക്യവും സഹോദര്യവും കാത്തുസൂക്ഷിക്കുകയെന്ന കടമയും കേരള പോലീസിനുണ്ടെന്നും അത് മറക്കരുതെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എമാരായ ടി.ഒ മോഹനൻ, സജി ജോസഫ്, വി. കുഞ്ഞികൃഷ്ണൻ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡി.ഐ.ജി ഡോ. ജെ ഹിമേന്ദ്ര നാഥ്, കണ്ണൂർ റൂറൽ എസ്.പി ഉമേഷ് ഗോയൽ, സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡി, സി.ആർ.പി.എഫ് ഡി.ഐ.ജി മാത്യു എ ജോൺ എന്നിവർ പങ്കെടുത്തു.

കെ.എ.പി നാലാം ബറ്റാലിയനിലെ 166 പേരും എം.എസ്.പി മലപ്പുറത്തെ 139 പേരും ഉൾപ്പെടെ 305 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ 31 പേർ ബിരുദാനന്തര ബിരുദക്കാരും 12 പേർ എഞ്ചിനീയറിംഗ് ബിരുദധാരികളും 195 പേർ ബിരുദമുള്ളവരും 18 പേർ ഡിപ്ലോമ യോഗ്യത നേടിയവരുമാണ്.

9 മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി വിവിധ ഔട്ട്ഡോർ വിഷയങ്ങളും ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ സുരക്ഷാ സംഹിത തുടങ്ങിയ ഇൻഡോർ വിഷയങ്ങളും സ്വിമ്മിംഗ്, ഡ്രൈവിംഗ്, കമാൻഡോ കോഴ്സ്, ഹൈ ആൾട്ടിറ്റിയൂഡ് ട്രെയിനിംഗ്, റേഞ്ച് ഫയറിംഗ്, ആന്റി സബോട്ടേജ് ട്രെയിനിംഗ്, സൈബർ ഫോറൻസിക് തുടങ്ങിയ പ്രത്യേക കോഴ്സുകളും ഇവർ സ്വായത്തമാക്കി.

എം.എസ്.പി വിഭാഗത്തിൽ മികച്ച ഷൂട്ടറായി കെ.വൈ ജിതിൻ, ഇൻഡോർ വിഭാഗത്തിൽ പി. ആദർശ്, സൈബർ സംവിധാനത്തിൽ കെ. ഷിബിൻ, ഔട്ട്ഡോർ, ഓൾറൗണ്ടർ വിഭാഗത്തിൽ ബി.ഐ ജിനു എന്നിവർ സമ്മാനം നേടി. കെ.എ.പി വിഭാഗത്തിൽ മികച്ച ഷൂട്ടറായി കെ.വി നിവേദ്, ഇൻഡോർ വിഭാഗത്തിൽ ആൽവിൻ വർഗീസ്, സൈബർ സംവിധാനത്തിൽ എസ്.പി അമർനാഥ്, ഔട്ട്ഡോറിൽ സബിൻ ടി സത്യൻ, ഓൾറൗണ്ടറായി ഡി. അമൽദേവ് എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380585/police-should-uphold-public-interest-ramesh-chennithala-mangattuparamba)