---
title: "തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തെ ലഘൂകരിച്ച് കാണുന്നില്ലെന്ന് പിണറായി വിജയൻ. ടി കെ ഗോവിന്ദൻ അവസരവാദിയെന്നും പാർട്ടി അണികളെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാമർശം."
english_title: "Pinarayi Vijayan Says TK Govindan Opportunist Taliparamba Defeat Remarks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380505/pinarayi-vijayan-tk-govindan-opportunist-taliparamba-remarks"
published_at: "2026-08-31T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a950515ae1c4_1000819631.jpg"
keywords: ["Pinarayi Vijayan News", "Taliparamba Politics", "CPM News Kannur"]
---

# തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തെ ലഘൂകരിച്ച് കാണുന്നില്ലെന്ന് പിണറായി വിജയൻ. ടി കെ ഗോവിന്ദൻ അവസരവാദിയെന്നും പാർട്ടി അണികളെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാമർശം.

> **Lead Summary:** **കണ്ണൂർ:** തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തെ ലഘൂകരിച്ച് കാണുന്നില്ലെന്നും തളിപ്പറമ്പ് പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

## Article Content

**കണ്ണൂർ:** തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തെ ലഘൂകരിച്ച് കാണുന്നില്ലെന്നും തളിപ്പറമ്പ് പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിലിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഏത് പ്രതികൂല സാഹചര്യത്തിലും എൽഡിഎഫിനൊപ്പം നിൽക്കുന്ന ജനങ്ങൾ മണ്ഡലത്തിലുണ്ട്. എന്നാൽ ഇത്തവണ അവരിൽ ഒരു വിഭാഗം എൽഡിഎഫിന് വോട്ട് ചെയ്തില്ല. എൽഡിഎഫിനെതിരെ വോട്ട് ചെയ്തവർ പാർട്ടി തകരണമെന്ന് ആഗ്രഹിക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി.കെ ഗോവിന്ദൻ എന്ന അവസരവാദിയെ അംഗീകരിച്ചതിൽ ഇപ്പോൾ അവർ പശ്ചാത്തപിക്കുന്നുണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. പാർട്ടിയുടെ കൂടെ നിൽക്കുന്നവരെയും പാർട്ടിയെ വികാരമായി കാണുന്നവരെയും തെറ്റിദ്ധരിപ്പിക്കാൻ വ്യാജ പ്രചരണം നടത്തുന്നവർക്ക് കഴിഞ്ഞിട്ടുണ്ട്.

പാർട്ടിയെ പരാജയപ്പെടുത്തുന്ന തരത്തിലുള്ള വീഴ്ച പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവസരവാദികളും സ്ഥാനമോഹികളും പാർട്ടിക്കെതിരെ തെറ്റായ പ്രചരണം നടത്തി. പാർട്ടി എപ്പോഴും ശരിയായ നിലപാട് മാത്രമേ സ്വീകരിക്കൂ. പാർട്ടിക്കെതിരെ സ്ഥാനമോഹത്തിന്റെ പേരിൽ തിരിഞ്ഞവർ തെറ്റായ നിലപാടുകൾ തിരുത്തുമെന്നും പിണറായി പറഞ്ഞു.

ഏത് പരാജയവും ഗൗരവമായി കാണുന്ന പാർട്ടിയാണ് സിപിഎം. എല്ലാ വിലയിരുത്തലും പാർട്ടി സ്വീകരിക്കും. ചിലർക്ക് സ്ഥാനമാനം ഉണ്ടാകാം. അവരുടെ പിന്നാലെ പാർട്ടി വികാരമുള്ളവർ പോകാറില്ല. പാർട്ടിയോടൊപ്പം നിന്നവർ എന്തുകൊണ്ടാണ് മാറാൻ ഇടയായത്, ആരെയാണ് വിശ്വാസത്തിലെടുത്തത് എന്നും പിണറായി വിജയൻ ചോദിച്ചു.

കേരളത്തിലെ മുഖ്യമന്ത്രിയുടേത് ആർഎസ്എസ് പ്രീണന നയമാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. വന്ദേമാതരം മുഴുവനായും പാടുന്നത് ആർഎസ്എസ് വിധേയത്വത്തിന്റെ ഭാഗമാണെന്നും വഖഫ് ബോർഡ് പുനഃസംഘടനയിലും ആർഎസ്എസ് വിധേയത്വം പ്രകടമാണെന്നും അദ്ദേഹം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380505/pinarayi-vijayan-tk-govindan-opportunist-taliparamba-remarks)