---
title: "പ്രിയദർശിനി പദ്ധതി: യാത്രക്കാരുടെയും KSRTC ജീവനക്കാരുടെയും ദുരിതങ്ങൾക്ക് പരിഹാരം കാണണം - KSRTEA"
english_title: "Priyadarshini Scheme KSRTC Staff Passengers Issues KSRTEA Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380504/ksrtea-kannur-priyadarshini-scheme-passenger-issues"
published_at: "2026-08-31T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9504895052b_1000819623.jpg"
keywords: ["KSRTC News", "KSRTEA CITU Kannur", "Priyadarshini Scheme Kerala"]
---

# പ്രിയദർശിനി പദ്ധതി: യാത്രക്കാരുടെയും KSRTC ജീവനക്കാരുടെയും ദുരിതങ്ങൾക്ക് പരിഹാരം കാണണം - KSRTEA

> **Lead Summary:** **കണ്ണൂർ: **സംസ്ഥാന സർക്കാർ ആരംഭിച്ച പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് KSRTC ജീവനക്കാരും യാത്രക്കാരും നേരിടുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് KSRTEA കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **സംസ്ഥാന സർക്കാർ ആരംഭിച്ച പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് KSRTC ജീവനക്കാരും യാത്രക്കാരും നേരിടുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് KSRTEA കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

പൊതുഗതാഗത രംഗത്ത് KSRTCയ്ക്കുള്ള പ്രാതിനിധ്യവും നിലവിലെ സർവീസ് സംവിധാനങ്ങളുടെ പരിമിതികളും കണക്കിലെടുക്കാതെ, ആവശ്യമായ പഠനങ്ങളോ മുന്നൊരുക്കങ്ങളോ നടത്താതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി.

ഇതുമൂലം പല സർവീസുകളിലും യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസിന്റെ സുരക്ഷിതമായ യാത്രാ ശേഷിയേക്കാൾ ഇരട്ടിയോളം യാത്രക്കാർ പലപ്പോഴും ഒരേസമയം യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാകുന്നതായും ഇത് യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായും കൺവെൻഷൻ ചൂണ്ടിക്കാട്ടി.

അമിതമായ തിരക്ക് ജീവനക്കാരുടെ ജോലി സമ്മർദ്ദം വർധിപ്പിക്കുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷയെയും ബാധിക്കുന്നു. ആവശ്യത്തിന് ബസുകളും ജീവനക്കാരെയും ഉറപ്പാക്കാതെയുള്ള ഇത്തരം പദ്ധതികൾ KSRTCയുടെ പ്രവർത്തനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.

പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ആവശ്യമായ പഠനം നടത്തി, യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് അധിക സർവീസുകൾ ഏർപ്പെടുത്തുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും വേണം. KSRTCയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ച് പൊതുഗതാഗത മേഖലയിലെ യാത്രക്കാരുടെ അവകാശവും ജീവനക്കാരുടെ തൊഴിൽസുരക്ഷയും ഉറപ്പാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

കൺവെൻഷൻ കാരായി രാജൻ MLA ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, ട്രഷറർ ജോജോ, ബിജു പിലാക്കാൽ, വി.കെ മനോജ്, അരക്കൻ ബാലൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

*പുതിയ ഭാരവാഹികൾ:* ഇ. രാജീവൻ (പ്രസിഡന്റ്), ഹരീഷ് കുറ്റ്യാട്ട് (സെക്രട്ടറി), ടി.വി മനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380504/ksrtea-kannur-priyadarshini-scheme-passenger-issues)