---
title: "മാങ്ങാട്ടുപറമ്പിൽ പാസിംഗ് ഔട്ട് പരേഡ് 31ന്; 305 പേർ സേനയുടെ ഭാഗമാകും"
english_title: "KAP MSP Passing Out Parade Mangattuparamba August 31"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380365/kap-msp-passing-out-parade-mangattuparamba-august-31"
published_at: "2026-08-29T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92e2f7f2a0f_1000817346.jpg"
keywords: ["Mangattuparamba", "Passing out parade", "Kerala police", "KAP"]
---

# മാങ്ങാട്ടുപറമ്പിൽ പാസിംഗ് ഔട്ട് പരേഡ് 31ന്; 305 പേർ സേനയുടെ ഭാഗമാകും

> **Lead Summary:** **കണ്ണൂർ: **കെഎപി, എംഎസ്പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡ് ഈ മാസം 31ന് തിങ്കളാഴ്ച രാവിലെ മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടിൽ നടക്കും.

## Article Content

**കണ്ണൂർ: **കെഎപി, എംഎസ്പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡ് ഈ മാസം 31ന് തിങ്കളാഴ്ച രാവിലെ മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടിൽ നടക്കും.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷണിക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ബറ്റാലിയൻ എഡിജിപി ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡിഐജി ജെ ഹിമേന്ദ്രനാഥ്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

കെഎപി നാലാം ബറ്റാലിയനിലെ 166 പേരും എംഎസ്പി മലപ്പുറത്തെ 139 പേരും ഉൾപ്പെടെ 305 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ 31 പേർ ബിരുദാനന്തര ബിരുദക്കാരും 12 പേർ എഞ്ചിനീയറിംഗ് ബിരുദധാരികളും 195 പേർ ബിരുദമുള്ളവരും 18 പേർ ഡിപ്ലോമ യോഗ്യത നേടിയവരുമാണ്.

9 മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി വിവിധ ഔട്ട്ഡോർ വിഷയങ്ങൾക്കൊപ്പം ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത തുടങ്ങിയ ഇൻഡോർ വിഷയങ്ങളും സ്വിമ്മിംഗ്, ഡ്രൈവിംഗ്, കമാൻഡോ കോഴ്സ്, ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ്, റേഞ്ച് ഫയറിംഗ്, ആന്റി സബോട്ടേജ് ട്രെയിനിംഗ്, സൈബർ ഫോറൻസിക് തുടങ്ങിയ പ്രത്യേക കോഴ്സുകളും ഇവർ സ്വായത്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380365/kap-msp-passing-out-parade-mangattuparamba-august-31)